അവിനാശി അപകടം: ലോറി ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു

single-img
21 February 2020

തിരുപ്പൂര്‍: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. ലോറി ഡ്രൈവര്‍ ഹേമരാജിനെ പൊലീസ് ഇപ്പോഴും ചോദ്യം ചെയ്യുകയാണ്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

എറണാകുളം രജിസ്‌ട്രേഷനുള്ള ലോറിയാണ് ബസില്‍ ഇടിച്ചത്. ഡ്രൈവിംഗിനിടയില്‍ ശ്രദ്ധ നഷ്ടപ്പെട്ടെന്നും,ഡിവൈഡറില്‍ ഇടിച്ചശേഷമാണ് നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിവ് വന്നതെന്നുമാണ് ഹേമരാജ് മൊഴി നല്‍കിയത്. അപകടശേഷം ഒളിവില്‍ പോയ ഇയാളെ ഈറോഡില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

19 പേരാണ് അപകടത്തില്‍ മരിച്ചത്. ബംഗുളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.