ട്രംപിനെ വരവേല്‍ക്കാന്‍ കുരങ്ങുകളെയും ഒഴിപ്പിക്കാനൊരുങ്ങി അധികൃതര്‍

single-img
21 February 2020

അഹമ്മദാബാദ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം വാര്‍ത്തകളില്‍ നിറയുകയാണ്. ട്രംപിനെ സ്വീകരിക്കാന്‍ ഗുജറാത്ത് എന്ന സംസ്ഥാനത്തില്‍ അധികൃതര്‍ നടത്തുന്ന പ്രവൃത്തികളാണ് വാര്‍ത്തയും വിവാദവുമാകുന്നത്. സംസ്ഥാനത്തെ ചേരികള്‍ മറയ്ക്കാന്‍ മതില്‍ നിര്‍മാണം, മോടി കൂട്ടല്‍, ചേരി നിവാസികളെ ഒഴിപ്പിക്കല്‍, പട്ടിപിടുത്തം തുടങ്ങി മുന്നൊരുക്കങ്ങള്‍ തകര്‍ക്കുകയാണ്. അക്കൂട്ടത്തിലിതാ പ്രദേശത്തെ കുരങ്ങുകള്‍ക്കും പണി കിട്ടിയിരിക്കുകയാണ്.

വിമാനതാവളത്തിന്റെ പരിസരത്തുള്ള കുരങ്ങുകളെ ഒഴിപ്പിക്കുക എന്നതാണ് അധികൃതര്‍ ഏറ്റെടുത്തിരിക്കുന്ന പുതിയ ദൗത്യം.ട്രംപ് എത്തുന്ന വിമാനം നിലത്തിറങ്ങുന്നതിന് വലിയ ഭീഷണിയാണ് റണ്‍വേയില്‍ അതിക്രമിച്ച് കയറുന്ന വാനരസംഘം. വിമാനത്താവളത്തോട് ചേര്‍ന്നുള്ള സൈനിക കേന്ദ്രത്തിലെ മരങ്ങളില്‍ തമ്പടിച്ച കുരങ്ങുകള്‍ റണ്‍വേയിലേക്ക് ഓടിയെത്തുക പതിവാണ്. കുരങ്ങിറങ്ങിയാല്‍ പിന്നെ വിമാനമിറങ്ങില്ല. സൈറണ്‍ മുഴക്കിയും പടക്കം പൊട്ടിച്ചുമുള്ള വിദ്യകള്‍ പലതും പരീക്ഷിച്ചു. എന്നാല്‍ കുരങ്ങുകള്‍ പിന്മാറിയില്ല.

ഒടുവില്‍ ഉദ്യോഗസ്ഥര്‍ കരടിവേഷം കെട്ടിയിറങ്ങി.ആദ്യം ഭയന്ന വാനരനമാര്‍ പിന്നീട് ഇതൊരു രസമുളള കളിയായി കണ്ടുതുടങ്ങി. ട്രംപിന്റെ സന്ദര്‍ശനത്തില്‍ കുരങ്ങന്മാര്‍ കയറുമോയെന്ന് ഭയന്ന് ഇ പ്പോള്‍ കെണിവച്ച് പിടിക്കുകയാണ്. പിടിയിലായ 50ലധികം കുരങ്ങുകളെ കിലോമീറ്ററുകള്‍ക്ക് അപ്പുറമുള്ള വനപ്രദേശത്ത് തുറന്ന് വിടുകയും ചെയ്തു. വിമാനത്താവള മതിലിനോട് ചേര്‍ന്നുള്ള മരങ്ങള്‍ മുറിക്കാന്‍ സൈനിക കേന്ദ്രത്തിന് കത്തും നല്‍കിയിട്ടുണ്ട്. പക്ഷികളും വിമാനത്താവളത്തില്‍ പതിവ് ശല്യക്കാരാണ്. ഇനി അവറ്റകളെ തുരത്താന്‍ കെണിവയ്ക്കുമോ അതോ വെടിവയ്ക്കു മോയെന്ന് കണ്ടറിയണം.