‘ആ പണം ഞങ്ങൾക്ക് വേണ്ട’; വിശദീകരിച്ച് റാവിസ് ഗ്രൂപ്പ്‌ ചെയർമാൻ ഡോക്ടർ ബി.രവി പിള്ള

single-img
20 February 2020

തിരുവനന്തപുരം : ലോകകേരള സഭയ്ക്കെത്തിയ അതിഥികള്‍ക്ക് ഭക്ഷണം നല്‍കിയതിന്‍റെ പണം വേണ്ടെന്ന് റാവിസ് ഗ്രൂപ്പ്. പണം ഈടാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സംഘാടകരോട് പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലന്നും ആര്‍.പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള വ്യക്തമാക്കി. സർക്കാരിനെ ഔദ്യോഗികമായി ഈ വിവരം റാവിസ് ഗ്രൂപ്പ് അറിയിച്ചു. പ്രതിനിധികൾക്ക് മാത്രമായി 59 ലക്ഷം രൂപയാണ് ചെലവായത്.

പ്രവാസികളുടെ ക്ഷേമത്തിനായി രൂപംകൊള്ളുകയും പ്രവർത്തിക്കുന്നതുമായ ലോക കേരള സഭയിൽ താനും അംഗമാണ്. അവിടെ എത്തിയ ഓരോ പ്രവാസിയും പ്രതിനിധിയും തന്റെ സഹോദരങ്ങളാണ്. സ്വന്തം കുടുംബത്തിൽ വന്നു ഭക്ഷണം കഴിക്കുമ്പോൾ പണം ഈടാക്കുന്ന സംസ്കാരം നമ്മൾക്കില്ല. ഇപ്പോൾ വന്നിരിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ അനാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരാളുടെ ഭക്ഷണത്തിനായി മാത്രം രണ്ടായിരം രൂപയോളം (1900 രൂപയും നികുതിയും) ചെലവായെങ്കിൽ ലോകകേരള സഭ ധൂർത്താണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.ഇതിനുള്ള മറുപടിയെന്നോണമാണ് റാവിസ് ഭക്ഷണബില്ല് വേണ്ടെന്ന് സർക്കാരിനെ അറിയിച്ചിരിക്കുന്നത്.

ജനുവരി 1, 2, 3 തീയതികളിലാണ് രണ്ടാം ലോക കേരള സഭ സമ്മേളനം നടന്നത്. ഭരണപക്ഷത്ത് നിന്നുള്ള നിയമസഭാ, ലോക്സഭാ അംഗങ്ങള്‍ക്ക് പുറമേ 178 പ്രവാസി പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുത്തത്. പ്രതിനിധികള്‍ക്ക് ജനുവരി 1, 2, 3 തീയതികളില്‍ താമസ സൗകര്യമൊരുക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. ഗസ്റ്റ്ഹൗസിനും റസ്റ്റ് ഹൗസിനും പുറമേ നഗരത്തിലെ ഏഴ് ഹോട്ടലുകളിലാണ് താമസ സൗകര്യം ഒരുക്കിയത്. എന്നാല്‍ ചില പ്രതിനിധികള്‍ നേരത്തെ വന്നതുകൊണ്ടും ചിലര്‍ വൈകി പോയതുകൊണ്ടും ഇത് ഡിസംബര്‍ 31 മുതല്‍ ജനുവരി നാല് വരെയായി പുനഃക്രമീകരിക്കുകയായിരുന്നു.