തെരഞ്ഞെടുപ്പുകളില്‍ അമിത്ഷായ്ക്കും മോദിക്കും എപ്പോഴും സഹായിക്കാനാകില്ല, ബിജെപിയുടെ അടിത്തട്ട് ദുര്‍ബലം; ആര്‍എസ്എസ്

single-img
20 February 2020

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന്റെ കാരണം വിലയിരുത്തി ആര്‍എസ്എസ്. 2015ന് ശേഷം സംഘടനയുടെ താഴെത്തട്ടിനെ പുന:രുജ്ജീവിപ്പിക്കാന്‍ സാധിച്ചില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എല്ലായ്‌പ്പോഴും മോദിയ്ക്കും അമിത്ഷായ്ക്കും സഹായിക്കാന്‍ സാധിക്കില്ലെന്നും ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ വിലയിരുത്തുന്നു. ദില്ലി തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തിലാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍.

ദില്ലി തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ പ്രചരണപരിപാടികളിലെ പോരായ്മകളും തോല്‍വിക്ക് കാരണമായി വിലയിരുത്തുന്നു.ജനങ്ങളുടെ പ്രാദേശികമായ താല്‍പ്പര്യങ്ങള്‍ പരിഹരിക്കാന്‍ ദില്ലിയില്‍ സംഘടന പുന:നിര്‍മിക്കണം. നാല്‍പത് ലക്ഷം പേര്‍ക്ക് പ്രയോജനം നല്‍കുന്ന 1700 അനധികൃത കോളനികള്‍ നിയമവിധേയമാക്കാമെന്ന വാഗ്ദാനം വേണ്ടവിധം ജനങ്ങളിലേക്ക് എത്തിയില്ലെന്നും ആര്‍എസ്എസ് നിരീക്ഷിക്കുന്നു. പൗരത്വഭേദഗതിക്ക് എതിരെ പ്രക്ഷോഭങ്ങള്‍ കത്തുമ്പോഴും അരവിന്ദ് കെജിരിവാളിന്റെ നേതൃത്വത്തില്‍ പ്രാദേശിക വിഷയങ്ങളായ ജലക്ഷാമവും വൈദ്യുതി സബ്‌സിഡിയുമൊക്കെയാണ് പ്രചരണായുധമായത്. എന്നാല്‍ അമിത്ഷായുടെ നേതൃത്വത്തിലുള്ള വമ്പന്‍ പട പ്രചരണത്തിന് ഇറങ്ങിയിട്ടും ബിജെപിക്ക് നേട്ടം ഉണ്ടാക്കാനായില്ലെന്നും ഓര്‍ഗനൈസറിന്റെ എഡിറ്റോറിയല്‍ പറയുന്നു.