അയോധ്യയില്‍ ഹനുമാന്‍ പ്രതിമയും വേണം; ഹിന്ദുത്വം പയറ്റാനുറച്ച് ആം ആദ്മി

single-img
20 February 2020

ദില്ലി: അയോധ്യയില്‍ നിര്‍മിക്കാനിരിക്കുന്ന രാമക്ഷേത്രത്തില്‍ ഹനുമാന്‍ പ്രതിമയും കൂടി സ്ഥാപിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി വക്താവും ഗ്രേറ്റര്‍ കൈലാഷ് എംഎല്‍.എയുമായ സൗരഭ് ഭരദ്വാജ്. രാമജന്മഭൂമി ട്രസ്റ്റിനോട് ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെടുമെന്നും ഭരദ്വാജ് പറഞ്ഞു. ശ്രീരാമന് ഏറ്റവും പ്രിയപ്പെട്ട ഹനുമാന്റെ പ്രതിമ അയോധ്യയില്‍ സ്ഥാപിക്കണം. എവിടെയെല്ലാം രാമക്ഷേത്രമുണ്ടോ അവിടെയെല്ലാം ഹനുമാന്റെ പ്രതിമയും കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഭരദ്വാജിന്റെ നിലപാടിനെ പിന്തുണച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്ത് വന്നു.

തന്റെ മണ്ഡലത്തില്‍ എല്ലാ മാസവും ആദ്യ ചൊവ്വാഴ്ച സുന്ദരകാണ്ഡ പാരായണം പരിപാടി നടത്തുമെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു. ഹനുമാന്റെ സാഹസിക യാത്ര വര്‍ണിക്കുന്ന സുന്ദരകാണ്ഡം എല്ലാ മാസവും ആദ്യ ചൊവ്വാഴ്ചയായിരിക്കും മണ്ഡലത്തില്‍ പാരായണം ചെയ്യുക.

ബിജെപിയുടെ തീവ്രഹിന്ദുത്വത്തിന് ഹനുമാനെ മുന്നില്‍നിര്‍ത്തി മൃദു ഹിന്ദുത്വം കൊണ്ട് മറുപടി നല്‍കുന്ന കെജ്‌രിവാളിന്റെ നയം തെരഞ്ഞെടുപ്പില്‍ ഉടനീളം വ്യക്തമായിരുന്നു. കെജ്‌രിവാള്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ പുറപ്പെട്ടത് വാല്‍മീകി മന്ദിരത്തില്‍ നിന്നായിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും ഹനുമാന്‍ ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം സന്ദര്‍ശനം നടത്തിയ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഹനുമാന്‍ ചാലിസ ചൊല്ലുന്നതിന്റെ വീഡിയോയും പുറത്തുവിട്ടിരുന്നു.