‘മെസ്സിയെ വിമർശിക്കാൻ ഏജൻസിയെ ഏർപ്പാടാക്കിയിട്ടില്ല’; ആരോപണങ്ങൾ തുടർന്നാൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബാർസിലോന

single-img
20 February 2020

മഡ്രിഡ്: ക്ലബ്ബിനെതിരെയുയർന്ന ആരോപണങ്ങളെല്ലാം ശക്തമായി നിഷേധിച്ചു സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ ബാർസിലോന രം​ഗത്തെത്തി. ലയണൽ മെസ്സി ഉൾപ്പെടെയുള്ള ടീമിലെ പ്രധാന താരങ്ങളെ വിമർശിക്കാൻ ഏജൻ‌സിയെ വാടകയ്ക്കെടുത്തുവെന്ന ആരോപണങ്ങൾ തള്ളിയാണ് ബാർസിലോന പ്രതികരിച്ചിരിക്കുന്നത് . കളിക്കാരെ ഇകഴ്ത്തി അതുവഴി ക്ലബ് പ്രസിഡന്റ് ജോസപ് മരിയ ബർത്തോമ്യൂവിന്റെ പ്രതിഛായ വർധിപ്പിക്കാൻ ബാർസ ‘കടുംകൈ’യ്ക്കു മുതിർന്നുവെന്ന് ഒരു സ്പാനിഷ് റേഡിയോ സ്റ്റേഷനാണ് റിപ്പോർട്ട് ചെയ്തത്.

എന്നാൽ തിങ്കളാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ ബാർസിലോന ആരോപണങ്ങളെല്ലാം ശക്തമായി നിഷേധിച്ചു. ആരോപണങ്ങൾ തുടർന്നാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും ക്ലബ് അറിയിച്ചു. അടുത്ത വർഷം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബർത്തോമ്യൂവിനെ സമ്മർദ്ദത്തിലാക്കുന്നതാണ് ആരോപണങ്ങൾ.

‘ഐ3 വെഞ്ച്വേഴ്സ്’ എന്ന ഈ പിആർ കമ്പനി മെസ്സി, ജെറാർദ് പിക്വെ, മുൻ താരം ചാവി ഹെർണാണ്ടസ്, കാർലോസ് പുയോൾ, മുൻ പരിശീലകൻ പെപ് ഗ്വാർഡിയോള തുടങ്ങിയവരെ വിമർശിക്കുന്ന ഒട്ടേറെ അക്കൗണ്ടുകൾ ഫെയ്സ്ബുക്കിലും ട്വിറ്ററിലും സൃഷ്ടിച്ചുവെന്നാണ് ആരോപണം. ബാർസയുമായി കരാർ പുതുക്കാൻ മെസ്സി വൈകുന്നു, പിക്വെയുടെ ഡേവിസ് കപ്പ് ടെന്നിസിലെ വാണിജ്യ താൽപര്യങ്ങൾ തുടങ്ങിയവയെല്ലാം ഈ അക്കൗണ്ടുകളിലൂടെയാണ് പ്രചരിച്ചത്.

നേരത്തെ, മുൻ കോച്ച് ഏണസ്റ്റോ വാൽവെർദെയെ ക്ലബ് പുറത്താക്കിയ രീതി ക്ലബ് കുറച്ചു മോശമായിട്ടാണ് കൈകാര്യം ചെയ്തതെന്ന് ബർത്തോമ്യു സമ്മതിച്ചിരുന്നു. മെസ്സി ഇതിനെതിരെ ശക്തമായി പ്രതികരിച്ചതോടെ ബർത്തോമ്യു മെസ്സിയുമായി സംസാരിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ വിവാദങ്ങൾക്ക് തിരി കൊളുത്തിയ സന്ദേശങ്ങൾ പ്രചരിച്ചത്.