പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; മരിക്കാനുറപ്പിച്ച് ഒരാള്‍ വന്നാല്‍ അവര്‍ മരിച്ചിരിക്കും: യോഗി ആദിത്യനാഥ്‌

single-img
19 February 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബറില്‍ യുപിയിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ വെടിവെപ്പില്‍ ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മരിക്കാൻ ഉറപ്പിച്ചുകൊണ്ട് ഒരാള്‍ വന്നാല്‍ അവര്‍ മരിച്ചിരിക്കുമെന്നും അവര്‍ എങ്ങനെ ജീവിച്ചിരിക്കുമെന്നുമായിരുന്നു 20 ഓളം ആളുകള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ച് യോഗി ആദിത്യനാഥ് നിയമസഭയിൽ പറഞ്ഞത്.

”യുപിയിൽ പോലീസ് നടത്തിയ വെടിവെപ്പില്‍ ആരും മരിച്ചിട്ടില്ല. അതേസമയം കലാപകാരികളില്‍ നിന്നുണ്ടായ വെടിവെപ്പിലാണ് മരണങ്ങള്‍ സംഭവിച്ചത്. ജനങ്ങളെ വെടിവച്ചുകൊല്ലാനുള്ള ഉദ്ദേശ്യത്തോടെ ആരെങ്കിലും തെരുവിലിറങ്ങിയാല്‍ ഒന്നുകില്‍ അയാള്‍ മരിക്കുകയോ അല്ലെങ്കിൽ പോലീസുകാര്‍ മരിക്കുകയോ ചെയ്യും”, – ആദിത്യനാഥ് പറഞ്ഞു.

അതേപോലെ തന്നെ കഴിഞ്ഞ ഒരു മാസമായി സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെയും ആദിത്യനാഥ് രംഗത്തെത്തി. ‘ഇവിടെ പ്രതിഷേധം നടത്തുന്ന ചിലര്‍ ആസാദി (സ്വാതന്ത്ര്യം) മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നു. ‘ആസാദി’ എന്ന് പറഞ്ഞാൽ എന്താണ്? ജിന്നയുടെസ്വപ്‍നത്തിന് വേണ്ടിയാണോ നാം പ്രവര്‍ത്തിക്കേണ്ടത്? അതോ മഹാത്മാ ഗാന്ധിയുടെ സ്വപ്നത്തിന് വേണ്ടിയോ ? , ആദിത്യനാഥ് ചോദിക്കുന്നു.

യുപിയില്‍ ഡിസംബറില്‍ നടന്ന അക്രമത്തില്‍ യഥാര്‍ത്ഥത്തില്‍ പോലീസിന്റെ പ്രവര്‍ത്തനത്തെ പ്രശംസിക്കുകയാണ് വേണ്ടത്. മാത്രമല്ല, സംസ്ഥാനത്ത് കലാപങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അതേപോലെ തന്നെ തന്റെ സര്‍ക്കാര്‍ പ്രതിഷേധക്കാര്‍ക്കെതിരല്ലെന്നും എന്നാല്‍ അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായി രംഗത്തെത്തുമെന്നും ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.