‘പൗരത്വനിയമം രാജ്യമില്ലാത്തവരെ സൃഷ്ടിക്കും’: ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ ജനറല്‍ സെക്രട്ടറി

single-img
19 February 2020

ദില്ലി: പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം തുടരവേ നിയമത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭാ ജനറല്‍ സെക്രട്ടറി അന്റോര്‍ണിയോ ഗുട്ടറസ്. നിയമംവഴി പൗരത്വം നിഷേധിക്കുന്നതിലൂടെ രാജ്യമില്ലാത്ത ഒരുകൂട്ടം വ്യക്തികളായിരിക്കും സൃഷ്ടിക്കപ്പെടുകയെന്നും ഇത് തടയേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച, പാകിസ്താന്‍ സന്ദർശനം അവസാനിപ്പിക്കുന്നതിനുമുമ്പ് പാക് ദിനപത്രമായ ഡോണിന് നൽകിയ അഭിമുഖത്തിലാണ് വിവാദ നിയമത്തിനെതിരെ യുഎൻ മേധാവി നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം ലോകത്തിലെ ഓരോ പൗരനും ഒരു രാജ്യമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് വളരെ പ്രധാനപ്പെട്ടതാണെന്നും അഭിപ്രായപ്പെട്ടു.

കശ്മീരില്‍ കുട്ടികള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ അതിക്രമത്തിനും ലൈംഗിക പീഡനത്തിനും ഇരയാകുന്നത് വിവിധ റിപ്പോര്‍ട്ടുകള്‍വഴി താന്‍ അറിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎന്‍ ഹൈക്കമ്മീഷന്‍, ആംനസ്റ്റി ഇന്റര്‍ നാഷണല്‍, മനുഷ്യാവകാശ സംഘടനകളുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടുകള്‍, അന്താരാഷ്ട്ര മാധ്യമങ്ങള്‍ തുടങ്ങിയവ കശ്മീരില്‍ എന്താണ് സംഭവിക്കുന്നത് എന്നത് സംബന്ധിച്ച് വ്യക്തമാക്കുന്നുണ്ടെന്നും ഇത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.