‘രാജ്യദ്രോഹികള്‍ എന്ന് വിളിച്ച് അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചു’; സുപ്രിം കോടതിയുടെ മധ്യസ്ഥ സംഘത്തിന് മുന്നില്‍ ഷഹിന്‍ബാഗ് പ്രതിഷേധക്കാര്‍

single-img
19 February 2020

സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥത സമിതിക്ക് മുമ്പില്‍ ‘തങ്ങളെ രാജ്യദ്രോഹികള്‍ എന്നു വിളിച്ചെന്നും അതു ഞങ്ങളുടെ അഭിമാനത്തിനു ക്ഷതമേല്‍പ്പിച്ചെ’ന്നും പ്രതിഷേധക്കാര്‍ മധ്യസ്ഥ സമിതിയിലെ അംഗമായ അഭിഭാഷക സാധന രാമചന്ദ്രനോട് പറഞ്ഞു.

‘കേന്ദ്രസര്‍ക്കാര്‍ ഞങ്ങളെ കുറ്റപ്പെടുത്തുന്നു. മുദ്രയടിക്കുന്നു. അതിലൊന്നും ഞങ്ങള്‍ക്ക് ദേഷ്യമില്ല. പക്ഷെ ഞങ്ങള്‍ക്ക് വേദനിച്ചു. അവര്‍ ഞങ്ങളെ ദേശദ്രോഹികള്‍ എന്നു വിളിച്ചു. ഇവിടെ ഇരിക്കുന്ന ഞങ്ങളെ കേള്‍ക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. ഞങ്ങള്‍ സ്ഥലം മാറ്റിയാല്‍ അവര്‍ ഞങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുമോ? ഞങ്ങള്‍ക്ക് സര്‍ക്കാറിനോട് സംസാരിക്കണം’ – പ്രതിഷേധക്കാരില്‍ ഒരാള്‍ പറയുന്നു.

അതേസമയം റോഡ് അടച്ചതിനെ പ്രതിഷേധക്കാരായ സ്ത്രീകള്‍ ന്യായീകരിച്ചു. റോഡ് തുറന്നാല്‍ ആരെങ്കിലും വന്ന് തങ്ങളെ വെടിവച്ചു പോകുമെന്നും ഞങ്ങളെ കൊല്ലാന്‍ നടക്കുന്നവര്‍ ഇപ്പോഴും സ്വതന്ത്രരാണ്. ഞങ്ങള്‍ക്ക് ഭയമുണ്ട്’ എന്നും – പ്രതിഷേധക്കാര്‍ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം തുടങ്ങിയ ചര്‍ച്ച വൈകുന്നേരത്തോടെ അവസാനിച്ചു. വരുന്ന ഞായറാഴ്ച വരെ സംസാരിക്കാന്‍ സമയമുണ്ടെന്നും ചര്‍ച്ച തുടരുമെന്നും മധ്യസ്ഥ സംഘം വ്യക്തമാക്കി.