അയോധ്യ ക്ഷേത്ര നിർമ്മാണം മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍

single-img
19 February 2020

ദില്ലി: അയോധ്യ ക്ഷേത്രനിര്‍മാണ ട്രസ്റ്റിന് ഭാരവാഹികളെ തെരഞ്ഞെടുത്തു. രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസാണ് പ്രസിഡന്റ്. വിഎച്ച്പിയുടെ രാജ്യാന്തര പ്രസിഡന്റ് ചംപത് റായിയെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പ്രധാനമന്ത്രി മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയുടെ ത്ര മേൽനോട്ടത്തിലാണ് ക്ഷേത്രനിര്‍മാണം നടക്കുക. സ്വാമി ഗോവിന്ദ് ദേവ് ഗിരിയാണ് ട്രഷറർ.

നേരത്തേ, ട്രസ്റ്റിൽ ഉൾപ്പെടുത്താത്തതിന് നൃത്യഗോപാല്‍ ദാസ് പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തെ ട്രസ്റ്റ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. മുഖ്യട്രസ്റ്റി കെ. പരാശരന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഭാരവാഹികളുടെ കാര്യത്തില്‍ തീരുമാനമായത്. ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ഗ്യാനേഷ് കുമാർ, യുപി സർക്കാർ പ്രതിനിധി അവിനാശ് അവസ്തി, അയോദ്ധ്യ ജില്ലാ മജിസ്‌ട്രേറ്റ് അനുജ് കുമാർ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ക്ഷേത്ര നിർമാണത്തിന് സംഭാവന സ്വീകരിക്കാൻ അയോധ്യയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ അക്കൗണ്ട് തുറക്കാനും യോഗം തീരുമാനിച്ചു.