ജീവനക്കാർക്ക് അഞ്ചുമാസമായി ശമ്പളമില്ല; കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്‍റെ എംഡി സ്ഥാനം പിടി തോമസ് എംഎല്‍എ ഒഴിഞ്ഞു

single-img
19 February 2020

കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ മുഖപത്രമായ വീക്ഷണത്തിന്‍റെ എംഡി സ്ഥാനത്തുനിന്ന് പിടി തോമസ് എംഎല്‍എ രാജിവച്ചു. എംഎൽഎ ആയിരിക്കെ ഇരട്ട പദവി താല്പര്യമില്ലാത്തതിനാലാണ് രാജി വച്ചതെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം എങ്കിലും പത്രം നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് പി ടി തോമസിന്‍റെ രാജി എന്നത് ശ്രദ്ധേയമാണ്.

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ അഞ്ചുമാസമായി സ്ഥാപനം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല. ജീവനക്കാർക്ക് നൽകാനുള്ള ശമ്പളം ഉൾപ്പെടെ മൂന്നരക്കോടി രൂപയുടെ ബാധ്യതയാണ് പത്രത്തിനുള്ളത്. സാധാരണയായി കെപിസിസി പ്രസിഡന്‍റ് പത്രത്തിന്‍റെ ചീഫ് എഡിറ്ററാകുന്ന കീഴ്‍വഴക്കം മുല്ലപ്പള്ളി രാമചന്ദ്രന്‍ ലംഘിച്ചിരുന്നു. പത്രത്തിനുള്ള കോടികളുടെ ബാധ്യത തനിക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്നാണ് മുല്ലപ്പള്ളിയും സ്വീകരിച്ച നിലപാട്.