തദ്ദേശ തെരഞ്ഞെടുപ്പ്; ഗവണ്മെന്റും ഇലക്ഷന്‍ കമ്മീഷനും രഹസ്യധാരണ ഉണ്ടാക്കിയിരിക്കുകയാണെന്ന് എംഎം ഹസന്‍

single-img
19 February 2020

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നീട്ടിക്കൊണ്ടു പോകാന്‍ ബോധ പൂര്‍വമായ ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍. 2019 ലെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയിന്മേല്‍ അപ്പീല്‍ നല്‍കാനുള്ള നീക്കം തെരഞ്ഞെടുപ്പുകള്‍ നീട്ടികൊണ്ടു പോകാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും, ഗവണ്മെന്റും ഇലക്ഷന്‍ കമ്മീഷനും പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുവാനുള്ള രഹസ്യധാരണ ഉണ്ടാക്കിയിരിക്കുകയാണെന്നും എംഎം ഹസന്‍ പറഞ്ഞു

വോട്ടര്‍ പട്ടിക മാറ്റാനുള്ള ജോലിഭാരത്തെ കുറിച്ചും ഭാരിച്ച (10 കോടി രൂപാ) ചിലവിനെക്കുറിച്ചുമാണ് ഇലക്ഷന്‍ കമ്മീഷന്‍ പറയുന്നത് . എന്നാല്‍ 2015ലെ വോട്ടര്‍പട്ടിക അംഗീകരിച്ചാല്‍ 27ലക്ഷം വോട്ടര്‍മാരെ പുതുതായി ചേര്‍ക്കാനുള്ള വോട്ടര്‍മാരുടെ പ്രായോഗിക ബുദ്ധിമുട്ടുകളെകുറിച്ച് ഇലക്ഷന്‍ കമ്മീഷന്‍ ചിന്തിക്കാതിരിക്കുന്നത് അത്ഭുതകരമാണ്. 2015ലെ വോട്ടര്‍ പട്ടികയും 2019ലെ വോട്ടര്‍ പട്ടികയും തമ്മില്‍ പത്തുലക്ഷം വോട്ടര്‍മാരുടെ വര്‍ധനവുണ്ട് .ഈ സാഹചര്യത്തിലാണ് മൂന്നു ലക്ഷം വോട്ടര്‍മാരുടെ പേര് പുതുതായി ചേര്‍ത്തതോടെ ഉള്‍പ്പെടുത്തേണ്ട മുഴുവന്‍ വോട്ടര്‍മാരുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു എന്ന മുടന്തന്‍ ന്യായം ഇലക്ഷന്‍ കമ്മീഷന്‍ പറയുന്നത്. ഹസ്സന്‍ പറഞ്ഞു.

18 വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ വോട്ടര്‍മാരെയും തെരഞ്ഞെടുപ്പില്‍ പങ്കെടുപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ ജനാധിപത്യ ഉത്സവമാക്കി മാറ്റേണ്ടത് ഇലക്ഷന്‍ കമ്മീഷന്റെ ചുമതലയല്ലേ യെന്നും എംഎം ഹസന്‍ ചോദിച്ചു.സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍ണ്ണവുമായ തെരഞ്ഞെടുപ്പ് നടത്തേണ്ട ഇലക്ഷന്‍ കമ്മീഷന്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്നത് നിര്‍ഭാഗ്യകരമാണെന്നും വോട്ടര്‍പട്ടികയുടെ കാര്യത്തില്‍ ഇലക്ഷന്‍ കമ്മീഷന്റെ അപ്പീലിനെതിരെ സുപ്രീംകോടതിയില്‍ നിയമനടപടി സ്വീകരിക്കാനും ഡീലിമിറ്റേഷന്റെ കാര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ടെന്നും ഹസ്സന്‍ വ്യക്തമാക്കി.