കെ എസ് യു എം ഇന്‍കുബേഷന്‍ സെന്‍ററിലേയ്ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം

single-img
19 February 2020


പാലക്കാട്: നൂതന സംരംഭങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക-സാങ്കേതിക സഹായങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ എസ് യു എം) പാലക്കാട്ടെ ഇന്‍കുബേഷന്‍ സെന്‍ററിലേയ്ക്ക് ജില്ലയിലെ സ്റ്റാര്‍ട്ടപ്പുകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.

മികച്ച ആശയങ്ങള്‍ വിപണി മൂല്യമുള്ള ഉല്പന്നങ്ങളാക്കി മാറ്റുന്നതിനുവേണ്ടി വിദ്യാര്‍ത്ഥികള്‍ക്കും സംരംഭകര്‍ക്കും കെ എസ് യു എമ്മില്‍നിന്ന് ആവശ്യമായ സഹായം ലഭ്യമാകുന്നതിന് പാലക്കാട് പോളിടെക്നിക്ക് അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കില്‍ സജ്ജീകരിച്ചിട്ടുള്ള ഈ ഇന്‍കുബേഷന്‍ സെന്‍ററില്‍ അപേക്ഷ നല്‍കാം.

അതിവേഗ ഇന്‍റര്‍നെറ്റ് സൗകര്യമുള്ള ഉന്നത നിലവാരത്തിലുള്ള സുസജ്ജമായ ഓഫിസ്, ഫാബ് ലാബ് സൗകര്യം, നിബന്ധനകള്‍ക്കു വിധേയമായി സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായം, നിക്ഷേപകരുമായുള്ള കൂടിക്കാഴ്ച തുടങ്ങി നിരവധി സൗകര്യങ്ങള്‍ കെ എസ് യു എം നല്‍കും.

ലോകത്തെ മികച്ച സ്റ്റാര്‍ട്ടപ് വിദഗ്ധര്‍, സ്റ്റാര്‍ട്ടപ് സ്ഥാപകര്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവരില്‍നിന്നുള്ള മാര്‍ഗനിര്‍ദ്ദേശം, അവരുമായി ബന്ധം സ്ഥാപിക്കല്‍, അന്താരാഷ്ട്ര സ്റ്റാര്‍ട്ടപ്പ് മേളകളിലും പ്രദര്‍ശനങ്ങളിലും പങ്കെടുക്കാനുള്ള അവസരം, സോഫ്റ്റ്വെയര്‍ ക്രെഡിറ്റുകള്‍, വിപണിയില്‍ പ്രവേശിക്കുന്നതിനുള്ള സൗകര്യം എന്നിവ കെ എസ് യു എം ഇന്‍കുബേഷന്‍ പ്രോഗ്രാമുകളുടെ പ്രത്യേകതകളാണ്.

മാര്‍ച്ച് 5 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി. താല്‍പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ http://pics.startupmission.in/ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.