നാൽക്കാലികളെ സംരക്ഷിക്കാൻ ഇരുകാലികളെ കൊല്ലുന്നവരുടെ ആക്രമണം വീണ്ടും; ആക്രമണത്തിന് ഇരയായവർക്കെതിരെ കേസും

single-img
19 February 2020

അൽവാർ: പശുവിന്റെ പേരിൽ മനുഷ്യരെ തല്ലിക്കൊല്ലാനും മടി കാണിക്കാത്ത ഗോ സംരക്ഷകരുടെ ആക്രമണം വീണ്ടും. പശുക്കടത്തിന്റെ പേരിൽ അൽവാറിലാണ് ഇന്നലെ വീണ്ടും ആൾക്കൂട്ട ആക്രമണമുണ്ടായത്. രാജസ്ഥാൻ– ഹരിയാന അതിർത്തിയോടു ചേർന്ന പ്രദേശത്തുണ്ടായ സംഭവത്തിൽ പരുക്കേറ്റ രണ്ടു പേർ ചികിൽസയിലാണ്. മതിയായ രേഖകളുണ്ടായിട്ടും പൊലീസ് ഇവർക്കെതിരെ കേസ് എടുത്തു. മൂന്നു പശുക്കളും രണ്ടു കിടാക്കളുമായി പോകുകയായിരുന്ന പിക്ക്അപ് വാൻ ഗോരക്ഷകർ പിന്തുടർന്നതോടെ അപകടത്തിൽപ്പെട്ടിരുന്നു.

വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർക്കും ക്രൂരമായി മർദനമേറ്റു. സ്ഥലത്തെത്തിയ പൊലീസ് പരുക്കേറ്റവരെ അൽവാർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അക്രമികൾക്കെതിരെ കേസെടുക്കാതെ പരുക്കേറ്റവർക്കെതിരെയാണു പൊലീസ് കേസ് എടുത്തത്. ജയ്പുരിലെ ചന്തയിൽനിന്നു 90,000 രൂപയ്ക്കു മൂന്നു പശുക്കളെയും രണ്ടു കിടാക്കളെയും വാങ്ങിയതിന്റെ രേഖകൾ ഇവർ പോലീസിനെ കാണിച്ചിരുന്നു.