ഇന്ത്യ വിസ നിഷേധിച്ച ബ്രിട്ടീഷ് എംപി ഡൽഹിയിൽ നിന്നും ദുബായ് വഴി എത്തിയത് പാകിസ്ഥാനിൽ

single-img
19 February 2020

ഇന്ത്യ വിസ നിഷേധിച്ച ശേഷം ഡൽഹിയിൽ നിന്നും ബ്രിട്ടീഷ് എംപിയായ ഡെബ്ബി എബ്രഹാം നേരെ ദുബായ് വഴി എത്തിയത് പാക്കിസ്ഥാനിൽ. പാകിസ്ഥാന്റെ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിക്കൊപ്പം ഇവർ അവിടെ എത്തിയശേഷം വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു. ഡെബ്ബി എബ്രഹാമിനെ ഇന്ത്യ കൈകാര്യം ചെയ്ത പോലെ പാകിസ്ഥാന്‍ ഒരിക്കലും ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാർ ഭരണഘടനയിൽ നിന്നും കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് ഡെബ്ബി എബ്രഹാം ഇന്ത്യന്‍ സര്‍ക്കാറിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. അതേസമയം തന്നെ ഡെബ്ബി എബ്രഹാം പാക് അനുകൂലയാണെന്നും അവര്‍ക്ക് വിസ നിഷേധിച്ചതില്‍ പ്രശ്നമില്ലെന്നും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‍വി ട്വീറ്റ് ചെയ്തിരുന്നു.

മാത്രമല്ല, ഇവർ ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവന മുൻ കാലങ്ങളിലും നടത്തിയിട്ടുണ്ടെന്നും പാകിസ്ഥാനുമായും ഐഎസ്ഐയുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നും സിങ്‍വി വ്യക്തമാക്കി. ബ്രിട്ടനിൽ നിന്നുള്ള ലേബര്‍ പാര്‍ട്ടി എംപി ഡെബ്ബി എബ്രഹാം, അവരുടെ സഹായി എന്നിവരെയാണ് ദില്ലി ഇന്ദിരഗാന്ധി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം തടഞ്ഞുവെച്ചത്.

കാശ്മീരിലെ ഭരണഘടനാ വിഷയത്തിൽ ബ്രിട്ടീഷ് പാര്‍ലമെന്‍റ് രൂപീകരിച്ച സമിതിയുടെ അധ്യക്ഷയായിരുന്നു അവര്‍. അംഗീകാരമുള്ള വിസയില്ല എന്ന കാരണത്താൽ ദില്ലിയില്‍ നിന്ന് ദുബായിയിലേക്കാണ് ഇവരെ തിരിച്ചയച്ചത്.