ട്രംപിന്റെ സ്വീകരണവേദിയിൽ തൊഴില്‍ മേള ഒരുക്കിയാല്‍ 70 ലക്ഷത്തിന് പകരം ഏഴ് കോടി ആളുകൾ വരും; മോദിയെ പരിഹസിച്ച് അല്‍ക്ക ലാംബ

single-img
19 February 2020

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ രംഗത്ത്. അടുത്തുതന്നെ ഇന്ത്യ സന്ദർശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വിരുന്നൊരുക്കാനുള്ള മോദിയുടെ ശ്രമങ്ങളെയാണ് അല്‍ക്ക ലാംബ പരിഹസിക്കുന്നത്.

‘യുഎസിൽ നിന്നും വല്യ മുതലാളി വരുന്ന സന്തോഷത്തില്‍ ഇവിടെ 70 ലക്ഷം പേരെ അണിനിരത്താനുള്ള തയ്യാറെടുപ്പിലാണ് കൊച്ചുമുതലാളി. എന്നാൽ ആ സ്വീകരണവേദിയില്‍ തൊഴില്‍ മേളയും സൗജന്യ ഭക്ഷണവും ഒരുക്കിയാല്‍ ഇന്ത്യയിലെ തൊഴിലില്ലാത്ത ഏഴ് കോടിപേര്‍ എത്തും’ – ലാംബ പറയുന്നു.

ഇന്ത്യ സന്ദർശിക്കാനായി എത്തുന്ന താന്‍ വളരെയധികം ആകാംഷയിലാണ് എന്നും തനിക്ക് ഗംഭീര സ്വീകരണം നല്‍കുമെന്ന് മോദി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിനെല്ലാം പുറമെ വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ തന്നെ സ്വീകരിക്കാന്‍ 70 ലക്ഷം പേരുണ്ടാകുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചതായാണ് ട്രംപ് പറഞ്ഞത്. പ്രധാനമന്ത്രി പറഞ്ഞതായ ഈ വാക്കുകളെയാണ് ലാംബ ഇപ്പോള്‍ ആയുധമാക്കിയിരിക്കുന്നത്. ഈ മാസം 24, 25 തീയതികളിലായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.