പൗരത്വം തെളിയിക്കാനാവശ്യപ്പെട്ട് മുസ്‌ലിം വിഭാഗത്തില്‍പെട്ട മൂന്നുപേര്‍ക്ക് ആധാര്‍ അതോറിറ്റിയുടെ നോട്ടീസ്

single-img
18 February 2020

ദില്ലി: ഇന്ത്യന്‍ പൗരനാണെന്നതിന് തെളിവ് ഹാജരാക്കണമെന്ന് ഹൈദരാബാദില്‍ മൂന്ന് മുസ്‌ലിം സമുദായാംഗങ്ങള്‍ക്ക് ആധാര്‍ അതോറിറ്റിയുടെ നോട്ടീസ്. ഇവര്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് തെറ്റായ രീതിയില്‍ ആധാര്‍കാര്‍ഡ് ഉണ്ടാക്കിയതായി റീജിയണല്‍ ഓഫീസില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ഫെബ്രുവരി 20 ന് അന്വേഷണ ഉദ്യോഗസ്ഥ അമിത ബിന്ദ്രൂവിന്റെ മുമ്പാകെ പൗരത്വം തെളിയിക്കുന്ന രേഖകളുമായി ഹാരജാകണമെന്നും രേഖകള്‍ നല്‍കാന്‍ തയ്യാറാകാത്ത പക്ഷം അവരുടെ ആധാര്‍ നമ്പര്‍ നിര്‍ജ്ജീവമാക്കുമെന്നും നോട്ടീസില്‍ പറയുന്നു. എന്നാല്‍ നോട്ടീസില്‍ പൗരത്വം തെളിയിക്കുന്നതിനായി ഏത് രേഖയാണ് ഹാജരാക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടില്ല.

2016 ലെ ആധാര്‍ നിയമപ്രകാരം ആധാര്‍ നമ്പര്‍ ഒരാളുടെ മേമേല്‍വിലാസവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് അല്ലാതെ പൗരത്വവുമായല്ല. 182 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിച്ച ആര്‍ക്കും, വിദേശിയാണെങ്കിലും കൂടി, അവര്‍ ആധാര്‍ നമ്പര്‍ ലഭിക്കാന്‍ അര്‍ഹരാണ്.

അതുകൊണ്ട് തന്നെ യുഐഡിഎഐയുടെ ഏത് വകുപ്പ് പ്രകാരമാണ് പൗരത്വം തെളിയാക്കാന്‍ ആവശ്യപ്പെട്ടതെന്ന് നോട്ടീസ് ലഭിച്ചവരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ മുസഫറുല്ല ഖാൻ ഷഫാത്ത് ചോദിച്ചു. നോട്ടീസ് ലഭിച്ച മൂവരും നിരക്ഷരരും കൂലിത്തൊഴിലാളികളുമാണെന്ന് ഷഫാത്ത് പറയുന്നു. അയല്‍ക്കാരായ ഇവര്‍ 2017, 2018 വര്‍ഷങ്ങളില്‍ ഒരേ എന്‍‌റോള്‍മെന്റ് സെന്ററില്‍നിന്നാണ് ആധാര്‍ കാര്‍ഡ് എടുത്തിരിക്കുന്നത്.