എന്‍പിആര്‍ വിവാദമാക്കേണ്ടതില്ല; മഹാരാഷ്ട്രയില്‍ നടപ്പാക്കുമെന്ന് ഉദ്ധവ് ഠാക്കറേ

single-img
18 February 2020

മുംബൈ: മഹാരാഷ്ടയില്‍ എന്‍പിആര്‍ നടപ്പാക്കുന്നത് തടയില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് ഠാക്കറേ. എന്‍പിആറിലെ വിവരശേഖരണം വിവാദമാക്കേണ്ടതില്ലെന്നും മഹാരാഷ്ട്രയില്‍ എന്‍പിആര്‍ നടപ്പിലാക്കുന്നത് കൊണ്ട് പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സംസ്ഥാനത്ത് പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ആരും ഭയപ്പെടേണ്ടതില്ല. പൗരത്വഭേദഗതി നിയമവും (സിഎഎ) ദേശീയ ജനസംഖ്യാ രജിസ്റ്ററും (എന്‍ആര്‍സി) ദേശീയ പൗരത്വ പട്ടികയും (എന്‍പിആര്‍) എല്ലാം വ്യത്യസ്തമാണ്. ഒരിക്കലും മഹാരാഷ്ടയില്‍ എന്‍ആര്‍സി നടപ്പിലാക്കില്ല.’ ഉദ്ധവ് ഠാക്കറേ വ്യക്തമാക്കി.
എന്‍ആര്‍സി ഹിന്ദുക്കളേയും മുസ്‌ലിംകളെ മാത്രമല്ല, ആദിവാസികളേയും ബാധിക്കും. എന്നാല്‍ എന്‍പിആര്‍ എന്നത് സെന്‍സസ് ആണ്. അത് ഓരോ 10 വര്‍ഷം കൂടുമ്പോഴും ആവര്‍ത്തിക്കുന്നതാണ്. അത് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഠാക്കറേ പറഞ്ഞു.

അതേസമയം ഘടകകഷികള്‍ തമ്മില്‍ സമവായത്തിലെത്താതെ സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കില്ലെന്ന് അവകാശപ്പെട്ട് കഴിഞ്ഞദിവസം മഹാരാഷ്ട്രയില്‍ പ്രമുഖ ഭരണ കക്ഷിയായ എന്‍സിപി രംഗത്തെത്തിയിരുന്നു. എന്‍സിപി നേതാവ് കൂട്ടുകക്ഷി മന്ത്രിസഭയിലെ അംഗവുമായ ജിതേന്ദ്ര ആവാദാണ് ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയത്. സംസ്ഥാനത്ത് എന്‍പിറാറിന് വേണ്ടി സര്‍വ്വേകളൊന്നും നടത്തുന്നില്ലെന്നും മതപരമായോ ജാതീയമായോ ഒരാള്‍ പോലും വിവേചനം നേരിടേണ്ടി വരില്ലയെന്നും മുഖ്യമന്ത്രി ഉറപ്പ് തന്നിട്ടുണ്ടെന്നും ആവാദ് പറഞ്ഞിരുന്നു.