കാണികളുടെ വംശീയാധിക്ഷേപം; കളിക്കിടെ ഫുട്ബോൾ താരത്തിൻ്റെ പ്രതിഷേധം

single-img
18 February 2020

ലിസ്ബൻ : ഫുട്ബോൾ മത്സരത്തിനിടെ കാണികളുടെ വംശീയാധിക്ഷേപം പരിധിവിട്ടപ്പോൾ പ്രതികരിച്ച് സ്ട്രൈക്കർ മൗസ മരേഗ. ഗാലറിയിൽനിന്ന് വംശീയഅധിക്ഷേപം അസഹനീയമായപ്പോൾ പോർച്ചുഗൽ ക്ലബ്ബ് പോർട്ടോയുടെ സ്ട്രൈക്കർ മൗസ മരേഗ വേദനയോടെ ഗ്രൗണ്ട് വിടുകയായിരുന്നു. പോർച്ചുഗീസ് ലീഗിൽ വിറ്റോറിയ ഗ്വെമാരെസും പോർട്ടോയും തമ്മിലുള്ള മൽസരത്തിനിടെയാണ് സംഭവം.
വിറ്റോറിയയുടെ മുൻ സ്ട്രൈക്കറാണ് മൗസ മരേഗ. നാലു വർഷമായി വായ്പക്കരാറിൽ പോർട്ടോയ്ക്കു വേണ്ടിയാണ് കളിക്കുന്നത്. ആഫ്രിക്കൻ രാജ്യമായ മാലിയിൽ വേരുകളുള്ള ഫ്രഞ്ച് വംശജനാണ് മൗസ.

2–1 നു പോർട്ടോ വിജയിച്ച കളിയിൽ നിർണായക ഗോൾ നേടിയത് മൗസയായിരുന്നു. തൊട്ടു പിന്നാലെ വിറ്റോറിയയുടെ ഗാലറികളിൽ നിന്ന് മൗസയെ അധിക്ഷേപിച്ച് അംഗവിക്ഷേപങ്ങളും അട്ടഹാസവും തുടങ്ങിയിരുന്നു. ഗാലറിയുടെ പ്രതികരണം അതിരുവിട്ടപ്പോൾ 71 ാം മിനിറ്റിൽ പ്രതിഷേധ സൂചകമായി താൻ ഗ്രൗണ്ട് വിടുകയാണെന്നു മൗസ വ്യക്തമാക്കി. കോച്ചും സഹകളിക്കാരും തടയാൻ ശ്രമിച്ചിട്ടും മൗസ വഴങ്ങിയില്ല.

2016 ൽ പോർട്ടോയിലെത്തിയ മൗസ ഇതുവരെ 25 കളികളിൽ നിന്ന് 13 ഗോളുകൾ നേടിയിട്ടുണ്ട്. സംഭവത്തോട് വിറ്റോറിയ ക്ലബ്ബ് പ്രതികരിച്ചിട്ടില്ല. എന്നെ അധിക്ഷേപിച്ചവർ വിഡ്ഢികളാണ്. വംശീയ വിദ്വേഷം പരത്താൻ മാത്രമാണ് അവർ സ്റ്റേഡിയത്തിലെത്തിയത് മത്സരശേഷം മൗസ മരേഗ പ്രതികരിച്ചു.