ലിം​ഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറി; ഇപ്പോൾ വിവാഹവും; ഇത് പോലീസ് കോൺസ്റ്റബിൾ ലളിതിന്റെ ജീവിതം

single-img
18 February 2020

ലിം​ഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി മാറിയ പോലീസ് കോൺസ്റ്റബിൾ വിവാഹിതനായി. മഹാരാഷ്ട്ര പോലീസില്‍ ജോലി ചെയ്യുന്ന ഭീട് ജില്ലയിലെ മാല്‍ഗാവ് താലൂക്കിലുള്ള രാജേഗാവ് ഗ്രാമവാസിയായ ലളിത് സാല്‍വേയാണ് ലിംഗമാറ്റത്തിന് ശേഷം വിവാഹിതനായത്. ലളിത എന്ന പേരുമായി വനിതാ പോലീസ് ഉദ്യോഗസ്ഥയായി സേവനം ചെയ്യുന്നതിനിടെയാണ് സാല്‍വേ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയത്.അതിന് ശേഷം ലളിത എന്ന പേര് മാറ്റി ലളിത് എന്നാക്കുകയും ചെയ്തു.

ഈ മാസം 16-ാം തീയതി വിവാഹിതനായ ലളിതിന് ഔറംഗാബാദ് സ്വദേശിയെയാണ് ജീവിത സഖിയായി ലഭിച്ചത്. ധാരാളം നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ലളിത് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായത്. മുംബൈയിലെ പ്രശസ്തമായ സെന്റ് ജോര്‍ജ് ആശുപത്രിയില്‍ 2018 മെയ്യിലാണ് ശസ്ത്രക്രിയ നടന്നത്. പുരുഷനായി മാറാന്‍ മൂന്ന് ശസ്ത്രക്രിയകൾക്ക് ലളിതിന് വിധേയനാകേണ്ടി വന്നു.

പോലീസായി ജോലി നോക്കിയിരുന്ന ലളിത കുമാരി സാൽവേ നാല് വർഷം മുമ്പാണ് ശരീരത്തിലെ പ്രകടമായ മാറ്റം തിരിച്ചറിഞ്ഞത്. ശരീരത്തില്‍ പുരുഷ ഹോര്‍മോണുകള്‍ വളരെയധികം കണ്ടെത്തിയ പരിശോധനയെ തുടര്‍ന്ന് ലളിത് ഡോക്ടര്‍മാരുടെ വിദഗ്‌ധോപദേശം തേടുകയും ലിംഗമാറ്റത്തിനായി അനുമതി ലഭിക്കാന്‍ മുംബൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.അതേസമയം പോലീസ് വകുപ്പില്‍ ലിംഗമാറ്റ ശസ്ത്രക്രിയ വിഷയം സാങ്കേതിക തടസ്സങ്ങള്‍ക്കും കാരണമായിരുന്നു.

ഒടുവില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് മഹാരാഷ്ട്രാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ശസ്ത്രക്രിയക്ക് വേണ്ടിയുള്ള അവധി അനുവദിക്കണമെന്ന ഉത്തരവ് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയത്.