നാല്‍പത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ജനങ്ങളുടെ ചെലവഴിക്കല്‍ ശേഷി; റിപ്പോര്‍ട്ട് പരസ്യപ്പെടുത്താതെ കേന്ദ്ര സര്‍ക്കാര്‍

single-img
18 February 2020

ഇന്ത്യയിൽ ജനങ്ങളുടെ ചെലവഴിക്കല്‍ ശേഷി കുറഞ്ഞത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാതെ കേന്ദ്ര സര്‍ക്കാര്‍. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ സർവേയിലൂടെ ശേഖരിച്ച റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പരസ്യപ്പെടുത്താന്‍ തയ്യാറാകാതിരുന്നത്. ഈ റിപ്പോർട്ട് പ്രകാരം 2017-2018 കാലയളവില്‍ രാജ്യത്ത് ജനങ്ങളുടെ ചെലവഴിക്കല്‍ ശേഷി ഗണ്യമായ രീതിയില്‍ കുറഞ്ഞിരിക്കുകയാണ്.

അതായത് കഴിഞ്ഞ നാല്‍പത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. ജനങ്ങളുടെ ചെലവഴിക്കൽ ശേഷി കുറയുന്നത് ഭാവിയിലെ രൂക്ഷമായ സാമ്പത്തികമാന്ദ്യത്തിന്റെയും ദാരിദ്ര്യത്തിന്റെയും സൂചനയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇപ്പോൾ തന്നെ വിലക്കയറ്റത്തിന്റെയും സാമ്പത്തികപ്രതിസന്ധിയുടെയും പേരില്‍ വലിയ വിമര്‍ശനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

അതേസമയം ഈ സര്‍വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ താന്‍ ശ്രമിച്ചിരുന്നെന്നും പക്ഷെ അതിന് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്നും കമ്മീഷന്‍ ചെയര്‍മാനായ ബിമല്‍ കുമാര്‍ റോയ് പറഞ്ഞു.എന്നാൽ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനുള്ള ചെയര്‍മാന്റെ നിര്‍ദേശത്തെ ആരൊക്കെയാണ് എതിര്‍ത്തതെന്ന് യോഗത്തിന്റെ മിനുറ്റ്‌സില്‍ രേഖപ്പെടുത്തിയിട്ടില്ല.