ടെന്നിസും കബഡിയും കളിക്കാം, എന്നിട്ടും ക്രിക്കറ്റ് കളിക്കുന്നതിൽ മാത്രം എന്താണ് പ്രശ്നം; ശുഐബ് അക്തർ

single-img
18 February 2020

ഇസ്‍ലാമാബാദ് : ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകള്‍ പുനഃരാരംഭിക്കണമെന്ന ആവശ്യവുമായി മുൻ പാക്കിസ്ഥാൻ പേസ് ബോളർ ശുഐബ് അക്തർ രംഗത്ത്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ടെന്നിസും കബഡിയും കളിക്കാം. എന്നിട്ടും ക്രിക്കറ്റ് കളിക്കുന്നതിൽ മാത്രമാണ് എന്താണ് പ്രശ്നമെന്ന് അക്തർ ചോദിച്ചു. തന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് അക്തറിന്റെ പ്രതികരണം. ഇന്ത്യയ്ക്ക് പാക്കിസ്ഥാനിലേക്കു വരാൻ താൽപര്യമില്ലെങ്കിൽ കുറഞ്ഞപക്ഷം നിഷ്പക്ഷ വേദികളിലെങ്കിലും ഇരു ടീമുകളും ഏറ്റുമുട്ടണമെന്നും അക്തർ ആവശ്യപ്പെട്ടു.

‘ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഡേവിസ് കപ്പിൽ കളിക്കാം. കബഡി കളിക്കാം. ക്രിക്കറ്റിനു മാത്രമെന്താണ് കുഴപ്പം? ഇന്ത്യയ്ക്ക് പാക്കിസ്ഥാനിലേക്കോ പാക്കിസ്ഥാന് ഇന്ത്യയിലേക്കോ പോകാൻ താൽപര്യമില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, ഏഷ്യാകപ്പിലും ലോകകപ്പിലുമെല്ലാം ഇരു ടീമുകളും നിഷ്പക്ഷ വേദികളിൽ കളിക്കാറില്ലേ? അതേ രീതിയിൽ ഉഭയകക്ഷി പരമ്പരയും നിഷ്പക്ഷ വേദികളിൽ നടത്തിയാൽ എന്താണു കുഴപ്പം?’ – അക്തർ ചോദിച്ചു.

‘ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യാതൊരു ബന്ധവും വേണ്ട എന്നാണ് തീരുമാനമെങ്കിൽ അത് വ്യാപാരത്തിന്റെ കാര്യത്തിലുൾപ്പെടെ ബാധകമാക്കണം. പരസ്പരം കബഡി കളിക്കുന്നതും നിർത്തണം. എന്തിനാണ് ഈ വൈരം ക്രിക്കറ്റിൽ മാത്രമാക്കി ഒതുക്കുന്നത്? ക്രിക്കറ്റിന്റെ കാര്യത്തിൽ മാത്രം എല്ലാം രാഷ്ട്രീയമായി കാണുന്നത് നിരാശാജനകമാണ്. നമ്മൾ ഉള്ളിയും തക്കാളിയുമൊക്കെ പരസ്പരം വ്യാപാരം ചെയ്യും. തമാശകൾ പങ്കുവയ്ക്കും. ക്രിക്കറ്റ് കളിക്കുന്നത് മാത്രം വലിയൊരു പ്രശ്നമായും കാണും’ – അക്തർ പറഞ്ഞു.‌