ട്രംപ് വരുമ്പോൾ ഒരു പട്ടിപോലും റോഡിൽ കാണില്ല; ട്രംപ് യാത്ര ചെയ്യുന്ന റോഡുകളിലെ തെരുവുപട്ടികളെ പിടികൂടാൻ തീരുമാനിച്ച് ഗുജറാത്ത് സർക്കാർ

single-img
18 February 2020

ഇന്ത്യൻ സന്ദർശനത്തിനെത്തുന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സഞ്ചരിക്കുന്ന വീഥികൾ വിജനമാക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ. നഗരത്തിൽ പട്ടികൾ ഉൾപ്പെടെയുള്ളവ പ്രവേശിക്കാതിരിക്കാനുള്ള മുൻകരുതലാണ് അധികൃതർ സ്വീകരിക്കുന്നത്. 2015ൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി വൈബ്രന്‍റ് ഗുജറാത്ത് ഗ്ലോബൽ ബിസിനസ് സമ്മിറ്റ് കഴിഞ്ഞ് മടങ്ങവെയുണ്ടായ അനുഭവമാണ് സംസ്ഥാന അധികൃതരെ ഇരത്തരത്തിൽ ഒരു തീരുമാനമെടുക്കുവാൻ പ്രേരിപ്പിക്കുന്നത്. 

അന്ന് ഗാന്ധിനഗറിൽ നിന്ന് എസ്‌വിപി വിമാനത്താവളത്തിലേക്ക് കെറിയും സംഘവും കുതിരവണ്ടിയിലായിരുന്നു സഞ്ചരിച്ചത്. ഇതിനിടെ വാഹനവ്യൂഹത്തിലേക്ക് ചാടിക്കയറിയ പട്ടി കുതിര വണ്ടിയിലിടിച്ചത് യാത്ര തടസപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായാണ് അധികൃതർ മുൻകരുതലെടുക്കുന്നത്. ഇതിനായി ട്രംപ് യാത്ര ചെയ്യുന്ന പാതയിൽ അലഞ്ഞ് തിരിയുന്ന പട്ടികളെ പിടികൂടാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 

വിമാനത്താവള പരിസരത്ത് നിന്ന് മോട്ടേര സ്റ്റേഡിയം വരെയുള്ള ഒരു കിലോമീറ്റർ വരെയുള്ള പ്രദേശത്താണ് മുന്നൊരുക്കങ്ങൾ നടത്തുന്നത്. മോട്ടേര സ്റ്റേഡിയ പരിസരവും കോടേശ്വർ, ഭട്ട് എന്നീ ഗ്രാമങ്ങളും നീൽഗായ് എന്ന കാളകൾക്ക് പേരുകേട്ടതാണ്. ഇവയെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വനംവകുപ്പും തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നുണ്ട്. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനും കന്നുകാലി, നായ ശല്യ നിയന്ത്രണ വിഭാഗവും ചേർന്ന് വിഐപി റൂട്ടിന്‍റെ 2.75 കിലോമീറ്റർ ചുറ്റളവിൽ നായ്ക്കളെ പിടിക്കാൻ ഒരു പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.