പ്രളയകാലത്തെ സം​ഗീതത്തിൽ വിവാദം ഒഴിയാതെ ആഷിഖ് അബു

single-img
18 February 2020

പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണമെന്ന നിലയിൽ വേള്‍ഡ് മ്യൂസിക് ഫൗണ്ടേഷന്റെ പേരില്‍ സംവിധായകൻ ആഷിക് അബുവിന്റെ നേതൃത്യത്തിൽ നടത്തിയ സംഗീതനിശയെ സംബന്ധിച്ച വിവാദങ്ങൾ കനക്കുന്നു. 2018 ലെ പ്രളയത്തില്‍ ദുരിതക്കയത്തില്‍പ്പെട്ടവര്‍ക്കുള്ള ധന സഹായമായി സര്‍ക്കാര്‍ രൂപീകരിച്ച ദുരിതാശ്വാസനിധിയിലേക്ക് സംഭാവന സ്വീകരിക്കുന്നതിനായി വേള്‍ഡ് മ്യൂസിക് ഫൗണ്ടേഷന്റെ പേരില്‍ നടത്തിയ സംഗീതനിശ തട്ടിപ്പായിരുന്നെന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു കരുതുന്നുവെന്ന് ഹൈബി ഈഡൻ രം​ഗത്തെത്തിയതോടെ വിഷയം പുതിയ തലങ്ങളിലേക്ക് കടന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് എ.കെ. ഷാനിബ്, വി.ടി. ബല്‍റാം എംഎല്‍എ തുടങ്ങിയവരും ആഷിഖിനെതിരെ രംഗത്തുവന്നിട്ടുണ്ട്.‘കരുണ മ്യൂസിക്’ എന്ന പരിപാടിയിലൂടെ സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ലെന്ന വിവരാകാവകാശ രേഖയുടെ പകര്‍പ്പ് സമൂഹമാധ്യമത്തിൽ ആദ്യം പങ്കുവച്ചത് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരാണ്.

എന്നാല്‍ ഹൈബി ഈഡന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയും ചോദ്യവും എന്ന തലക്കെട്ടോടെ ആഷിഖ് അബു ഫെയ്‌സ്ബുക്കില്‍ പോസ്റ്റുമായി രം​ഗത്തെത്തി.ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനു നടത്തിയ പരിപാടിയല്ല കരുണയെന്നും കൊച്ചി രാജ്യാന്തര സംഗീതോത്സവത്തിന്റെ പ്രഖ്യാപനത്തിനായി കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പൂർണമായും സ്വന്തം ചെലവിൽ നടത്തിയ പരിപാടിയാണെന്നും ആഷിഖ് അബു മറുപടിയായി പറഞ്ഞു. ‘കരുണ’ സംഗീത പരിപാടിയുടെ ടിക്കറ്റ് വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയതായും ആഷിഖ് വ്യക്തമാക്കി.

ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് എന്നതിനാലാണു കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം സൗജന്യമായി വിട്ടുകിട്ടിയത്. സർക്കാർ ഫണ്ട് ഉപയോഗിക്കാത്ത, പൂർണമായും ഫൗണ്ടേഷൻ തന്നെ ചെലവ് വഹിച്ച, ടിക്കറ്റിന്റെ പണം സർക്കാരിലേക്കു നൽകിയ പരിപാടി ‘തട്ടിപ്പാണെന്നു ബോധ്യപ്പെട്ടതായി’ എന്തടിസ്ഥാനത്തിലാണു ഹൈബി പറയുന്നതെന്നും കണ്ടെത്തിയ ‘തട്ടിപ്പ്’ എന്താണെന്ന് അറിയാനുള്ള അവകാശം തങ്ങൾക്കും ഉണ്ടെന്നും അതു തെളിവുസഹിതം എല്ലാവരെയും അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ആഷിഖ് പറയുന്നു.

എന്നാൽ ആരോപണത്തിന് ഹൈബി ഈഡൻ എംപിക്ക് സംവിധായകൻ ആഷിഖ് അബു നല്‍കിയ മറുപടിയെ പരിഹസിച്ച് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ രം​ഗത്തെത്തിയിട്ടുണ്ട്. സംഗീത നിശയിലൂടെ പിരിഞ്ഞുകിട്ടിയ 6.22 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതിന്റെ തെളിവായി പുറത്ത് വിട്ട ചെക്കിലെ തീയതി ചൂണ്ടിക്കാണിച്ചാണ് പരിഹാസം. ചെക്കിന്റെ ചിത്രവും സംവിധായകൻ പങ്കുവച്ചിരുന്നു. ഈ വർഷം ഫെബ്രുവരി 14നാണ് തുക കൈമാറിയത് എന്നാണ് ചെക്കിലെ ഡേറ്റ് വ്യക്തമാക്കുന്നത്.

ആഷിഖ് അബുവിന്റെ മറുപടിക്ക് രൂക്ഷമായ പരിഹാസത്തോടെയാണ് ഹൈബി ഈഡനും പ്രതികരിച്ചത്. ഒരു സംവിധായകനായ താങ്കൾക്ക് പോലും വിശ്വസനീയമായ രീതിയിൽ പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത കള്ളമായിരുന്നു സംഗീത നിശയിൽ നടന്നതെന്നാണ് നിങ്ങളുടെ മറുപടി കാണുമ്പോൾ മനസിലാവുന്നത്. സാലറി ചാലഞ്ച് പൈസ വകമാറ്റിയ ആരോപണം വന്നതിന് ശേഷം പണം കൊടുത്ത് തലയൂരിയ എംഎം മണിയുടെ ശിഷ്യന്മാർക്ക് ആരോപണം വന്ന ശേഷം പണം നല്‍കുന്നത് പുതുമയല്ല. കട്ട പണം തിരികെ നൽകി മാതൃകയാവുന്നുവെന്നതാണ് ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതിയെന്നും ഹൈബി കുറിക്കുന്നു . താങ്കൾ നൽകിയ ചെക്കിന്റെ തീയതി മൂന്ന് മാസം മുൻപ് ഉള്ളത് ആയിരുന്നെങ്കിൽ ഞാൻ പെട്ടു പോയേനെയെന്നും ഹൈബി ഫേസ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചു.