ഭരണഘടനയെ സംരക്ഷിക്കാന്‍ ഇതുവരെ മരിച്ചു വീണത് 31 പേര്‍; അത് ചര്‍ച്ച ചെയ്യാന്‍ സമയമുണ്ടോ? ;അമിത് ഷായോട് കോണ്‍ഗ്രസ്

single-img
18 February 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഇതുവരെ രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാൻ മരിച്ചത് 31 പേരെന്ന് കോണ്‍ഗ്രസ്. അതിനെ സംബന്ധിച്ച്ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് സമയമുണ്ടോ എന്നും കോണ്‍ഗ്രസ് ചോദിച്ചു.

സോഷ്യൽ മീഡിയയിലെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് കോണ്‍ഗ്രസ് ആഭ്യന്തര മന്ത്രിക്കെതിരെ രംഗത്തുവന്നത്. ‘ഇന്ത്യയിൽ ക്രമസമാധാനം തകര്‍ന്നു. ഭരണഘടനാ പ്രകാരം വിയോജിക്കാനുള്ള ജനാധിപത്യ അവകാശം വിനിയോഗിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ പോലീസ് മുറ ഉപയോഗിക്കുകയാണ്. പ്രതിഷേധ സമരത്തില്‍ നഷ്ടപ്പെട്ട ജീവനുകള്‍ക്ക് ആഭ്യന്തര മന്ത്രിയാണ് ഉത്തരവാദി’ – കോണ്‍ഗ്രസ് എഴുതി.

ഈ വിഷയം ചര്‍ച്ച ചെയ്യാനായി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അപ്പോയ്‌മെന്റ് ബുക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് അമിത് ഷായുടെ ഡിജിറ്റല്‍ വിലാസവും നല്‍കിയിട്ടുണ്ട്.മുൻപ്, പൗരത്വ ഭേദഗതി നിയമത്തിൽ ആരുമായും ചര്‍ച്ചയ്ക്ക് ഒരുക്കമാണ് എന്ന് അമിത് ഷാ പ്രസ്താവനയിറക്കിയിരുന്നു. തൊട്ടു പിന്നാലെ മുന്‍ സിവിൽ സർവീസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ചയ്ക്കുള്ള സമ്മതം തേടി ആഭ്യന്തര മന്ത്രാലയത്തിന് ഇ-മെയില്‍ അയച്ചിരുന്നു. എന്നാൽ മൂന്നു ദിവസമായും തനിക്ക് അതിന് മറുപടി ലഭിച്ചില്ലെന്ന് കണ്ണന്‍ ഗോപിനാഥന്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.