വെടിയുണ്ട വിവാദം; ചെന്നിത്തലയുമായി ഉണ്ടായത് കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് മാത്രമാണെന്ന് മുല്ലപ്പള്ളി

single-img
18 February 2020

കേരളാ പോലീസിന്റെ ആയുധ ശേഖരത്തിൽ നിന്നും വെടിയുണ്ടകൾ കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്‍റും തമ്മിലുള്ള ഭിന്നാഭിപ്രായത്തിൽ വിശദീകരണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ.

പോലീസിന്റെ ഭാഗത്തെ ഗുരുതര ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോർട്ടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. മുല്ലപ്പള്ളി ആവശ്യപ്പെട്ടത് സിഎജി അന്വേഷണം വേണമെന്നും. ഇത് ഒരു ‘കമ്മ്യൂണിക്കേഷൻ ഗ്യാപ്പ്’ മാത്രമാണെന്നാണ് മുല്ലപ്പള്ളി നൽകുന്ന വിശദീകരണം.

കേരളത്തിൽ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി വിവാദമുണ്ടായ സമയത്ത് ചെന്നിത്തല ഗൾഫ് നാടുകളിൽ പര്യടനത്തിലായിരുന്നു. അതുകൊണ്ടുതന്നെ സംസാരിക്കാനായില്ല.ഈ കാരണത്താലാണ് രണ്ടഭിപ്രായം പറഞ്ഞതെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് നടന്ന രാഷ്ട്രീയ കാര്യസമിതി യോഗത്തിന് ശേഷം വിശദീകരിച്ചു.

സംഭവത്തിൽ സിബിഐ അന്വേഷണം തന്നെയാണ് സിഎജി റിപ്പോർട്ടിൽ വേണ്ടതെന്ന നിലപാടാണ് കെപിസിസി രാഷ്ട്രീയ കാര്യസമിതിയുടേത്. ഈ ആവശ്യമുന്നയിച്ച് മാർച്ച് 7-ന് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകൾക്ക് മുന്നിലും കോൺഗ്രസ് ധർണ സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.