മതിലിനു പിന്നാലെ ചേരി ഒഴിപ്പിക്കലും; ​ഗുജറാത്തിനെ ‘അമേരിക്കയാക്കികാട്ടാൻ’ഒരുക്കങ്ങൾ തകൃതി

single-img
18 February 2020

അഹമ്മദാബാദ് : യുഎസ് പ്രസിഡന്റ് ‍‍ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തോടനുബന്ധിച്ച മതിൽ നിർമാണത്തിനു പിന്നാലെ അഹമ്മദാബാദിലെ ചേരി നിവാസികളെ പൂർണമായും ഒഴിപ്പിക്കാൻ ശ്രമം. ഏഴ് ദിവസത്തിനകം വീട് വിട്ടൊഴിയാൻ അഹമ്മദാബാദ് കോർപ്പറേഷൻ നോട്ടിസ് നൽകി. ഏഴു ദിവസത്തിനകം ഇവർ ഒഴിഞ്ഞു പോകണം. എങ്ങോട്ടു വേണമെങ്കിലും പൊയ്‌ക്കോളൂ എന്നാണ് അധികൃതര്‍ പറയുന്നതെന്നു ചേരി നിവാസികള്‍ പറയുന്നു.

ഗുജറാത്തെന്നാൽ അമേരിക്ക പോലെ വികസിച്ചതാണെന്ന വ്യാജപ്രചാരണം സത്യമാക്കാനെന്ന പോലെ ചേരികളും ദരിദ്രജീവിതങ്ങളും മറച്ചുവയ്ക്കാനാണ് ഏഴടിയോളം ഉയരത്തിൽ മതിൽ പണിയുന്നതെന്ന വിമർശനം ഉയർന്നതിന് പിന്നാലെയാണ് ചേരി ഒഴിപ്പിക്കൽ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നത്.

മൂന്നുമണിക്കൂർ മാത്രം ഗുജറാത്തിൽ ചെലവഴിക്കുന്ന ട്രംപ് കടന്നു പോകുന്ന വഴികളിൽ കോടികൾ മുടക്കിയുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ പൂർത്തിയായിരുന്നു. ട്രംപ് കടന്നു പോകുന്ന വഴികളിലെ പാൻമസാല കടകൾ സീൽ ചെയ്തതായും വഴിയിലെ തെരുവ്‌നായ്ക്കളെ പൂട്ടിയിടാന്‍ തീരുമാനിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ട്രംപും-മോദിയും പങ്കെടുക്കുന്ന നമസ്തേ ട്രംപ് പരിപാടിയുമായി ഇതിനു ബന്ധമില്ലെന്നാണു കോർപ്പറേഷന്റെ വിശദീകരണം. ചേരി നിവാസികള്‍ കയ്യേറി താമസിക്കുന്നത് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഭൂമിയാണെന്നും ടൗണ്‍ പ്ലാനിംഗിന്റെ ഭാഗമായാണു നടപടിയെന്നും കോര്‍പ്പറേഷന്‍ പറയുന്നു.