നേതാക്കളെ സ്വതന്ത്രരാക്കിയാല്‍ ഉപതെരഞ്ഞെടുപ്പുമായി സഹകരിക്കാം; ജമ്മു കാശ്മീർ കോൺഗ്രസ് അധ്യക്ഷന്‍

single-img
17 February 2020

ഭരണ ഘടനയിൽ നിന്നും കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 നീക്കം ചെയ്തതിനെ തുടർന്ന് കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ള നേതാക്കളെ സ്വതന്ത്രമാക്കിയാല്‍ മാത്രം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുമായി സഹകരിക്കാം എന്ന് ജമ്മുകശ്മീരിലെ കോണ്‍ഗ്രസ് പാര്‍ട്ടി.

സംസ്ഥാനത്തില്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗുലാം അഹമ്മദ് മീര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
മാര്‍ച്ച് മാസം 5 മുതല്‍ എട്ട് ഘട്ടങ്ങളിലായാണ് ഇവിടെ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

‘ഞങ്ങള്‍ക്ക് ഇവിടെ സ്വതന്ത്രമായി നീങ്ങാന്‍ കഴിയുന്നില്ല. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നു. ഒരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായ എനിക്ക് പോലും സംസ്ഥാനത്തിന് പുറത്തേക്ക് പോകാന്‍ കഴിയുന്നില്ല.’ അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുടെമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ജമ്മുകശ്മീരിലെ ഒരു പാര്‍ട്ടിക്കും ജനങ്ങളോട് സംവദിക്കാനോ അവരെ സംഘടിപ്പിക്കാനോ കഴിയുന്നില്ലെന്നും അതിന് നിലവില്‍ ബിജെപിക്ക് മാത്രമേ കഴിയുന്നുള്ളൂവെന്നും മിര്‍ ആരോപിച്ചു.