തൃശൂരിൽ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം മൂന്നായി; തീ നിയന്ത്രണവിധേയമായില്ല

single-img
17 February 2020

ദേശമംഗലം (തൃശൂർ) : കൊറ്റമ്പത്തൂർ ഇല്ലിക്കുണ്ട് വനമേഖലയിൽ കാട്ടുതീ കെടുത്തുന്നതിനിടെ മൂന്ന് ഫോറസ്റ്റ് വാച്ചർമാർ വെന്തുമരിച്ചു. വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനിലെ താല്‍കാലിക ജീവനക്കാരാണ് മരിച്ച വനപാലകര്‍.കൊറ്റമ്പത്തൂരിലെ എച്ച്.എൻ.എൽ തോട്ടത്തില്‍ പടര്‍ന്നുപിടിച്ച തീ അണയ്ക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടം. വനം ട്രൈബൽ വാച്ചർ പെരിങ്ങൽക്കുത്ത് വാഴച്ചാൽ ആദിവാസി കോളനിയിലെ ദിവാകരൻ (43), താൽക്കാലിക ജീവനക്കാരൻ വടക്കാഞ്ചേരി കൊടുമ്പ് എടവണ വളപ്പിൽ വേലായുധൻ (54), വടക്കാഞ്ചേരി കൊടുമ്പ് വട്ടപ്പറമ്പിൽ ശങ്കരൻ (48) എന്നിവരാണ് മരിച്ചത്.

വനമേഖലയില്‍ തീ അണയ്ക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ശനിയാഴ്ച മുതൽ ഇവിടെ കാട്ടുതീ ഉണ്ടായിരുന്നു. ‌പ്രദേശത്ത് എത്തിപ്പെടാൻ വയ്യാത്ത വിധം കാട്ടുതീ ഇപ്പോഴും തുടരുകയാണ്. തീ അപകടത്തിൽ പെട്ടവർക്കും കുടുംബങ്ങൾക്കും സഹായം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനം മന്ത്രി കെ രാജു അറിയിച്ചു.