ബ്രിട്ടാനിയ ബിസ്കറ്റുമായി പോയ ട്രക്ക് മൂന്നംഗ സംഘം തട്ടിയെടുത്തു; പോലീസിന് നേര്‍ക്ക് വെടിവെപ്പ്

single-img
17 February 2020

ഏകദേശം പതിനൊന്നു ലക്ഷം രൂപ വിലവരുന്ന ബ്രിട്ടാനിയ ബിസ്കറ്റുമായി പോയ ട്രക്ക് മൂന്നംഗ സംഘം തട്ടിയെടുത്തു. ഗ്രേറ്റര്‍ നോയിഡയിലെ ബദല്‍പൂരിന് സമീപം ഛപ്രോല ഗ്രാമത്തിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചതോടെ അന്വേഷണം ആരംഭിച്ച പോലീസ് വെള്ളിയാഴ്ച രാത്രിയോടെ സുരജ്പൂരിലെ വ്യാവസായിക മേഖലയില്‍ ജിപിഎസ് സംവിധാനത്തിന്‍റെ സഹായത്തോടെ ട്രക്ക് കണ്ടെത്തി.

പോലീസ് അടുത്തെത്തിയിട്ടും കീഴടങ്ങാന്‍ തയ്യാറാകാതിരുന്ന സംഘം പോലീസിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. അതോടുകൂടി പോലീസും തിരിച്ച് വെടിവെച്ചു. വെടിവെപ്പിൽ മോഷ്ടാക്കളിലൊരാളുടെ കാലില്‍ വെടിയേറ്റതോടെ അക്രമികള്‍ ട്രക്ക് നിര്‍ത്തി. തുടര്‍ന്ന് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

സംഘത്തിലെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഗാസിയാബാദ് സ്വദേശിയായ ലോകേഷ്, അലിഗഢ് സ്വദേശി കര്‍ത്താര്‍ എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്. ഇവരില്‍ നിന്നും പോലീസ് തോക്കുകള്‍ പിടിച്ചെടുത്തു. ട്രക്ക് തട്ടിയെടുക്കൽ, വധ ശ്രമം ആയുധങ്ങള്‍ കൈവശം വെക്കൽ എന്നിവയ്ക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.