കാക്ക കൊത്താതിരിക്കാൻ സിന്ദൂരം വാരി പൂശാൻ വരട്ടെ: സിന്ദൂരത്തിൽ അടങ്ങിയിരിക്കുന്നത് ശരീരത്തെ ബാധിക്കുന്ന ഗുരുതരമായ രാസവസ്തു

single-img
17 February 2020

സംഘപരിവാര്‍ അനുകൂല സംഘടന നടത്തിയ പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ചു കൊണ്ടുളള യോഗത്തിനിടെ ക്ഷേത്രത്തിന് സമീപമുള്ള ഹോസ്റ്റലിലെ താമസക്കാരിയായ അഞ്ജിത എന്ന യുവതി പ്രതികരിച്ചതിനെ തുടർന്നാണ് `കാക്കയും സിന്ദൂരവും´ ദമലയാളികളുടെ മനസ്സിൽ ഇടം പിടിച്ചത്. അഞ്ജിതയെ യോഗത്തിനെത്തിയ സ്ത്രീകൾ എതിർക്കുന്നതിനിടയിൽ കൂട്ടത്തിലെ ഒരു സ്ത്രീയാണ് ആ പഞ്ച് ഡയലോഗ് ഉദ്ധരിച്ചത്: `എനിക്ക് രണ്ട് പെണ്‍മക്കളാണുള്ളത്, അവരെ ഒരു കാക്കക്കും വിട്ടു കൊടുക്കാതിരിക്കാനാണ് ഞാൻ ഈ സിന്ദൂരവും തൊട്ടുനടക്കുന്നത്.´ 

പക്ഷേ ഡയലോഗിന് പിറകേ കെെയടിയായിരുന്നില്ല, ട്രോൾ മഴയായിരുന്നു പിന്നീടുണ്ടായത്. കാക്കയും സിന്ദൂരവുമൊക്കെ ട്രോളുകൾക്ക് കഥാപത്രങ്ങളായി മാറി. കാക്കയും സിന്ദൂരവുമൊക്കെ മലയാളികൾ സ്ഥിരമുപയോഗിക്കുന്ന ശെെലികളിൽ ഉൾപ്പെടുത്തുവാനും ആ സംഭവം വഴിവച്ചു. 

ഹൈന്ദവ വിശ്വാസപ്രകാരം സിന്ദൂരത്തിന് വലിയ പ്രാധാന്യമുണ്ട്. വിവാഹം കഴിഞ്ഞാല്‍ സ്ത്രീകള്‍ സിന്ദൂരം ധരിക്കണമെന്നത് ഒരു അലിഖിത നിയമമായി ഇപ്പോഴും സമൂഹം കണക്കാക്കിപ്പോരുന്നുണ്ട്.

ഇനി കാര്യത്തിലേക്കു വരാം. ഈ ന്യൂജെന്‍ കാലത്തും സിന്ദൂരത്തിൻ്റെ ഉപയോഗത്തില്‍ കുറവ് വന്നിട്ടില്ലെന്നുള്ളതാണ് സത്യം. പന്നാൽ ചുവന്ന സിന്ദൂരം ഉപയോഗിച്ചിരുന്ന പഴയ കാലത്തിൽ നിന്നും വ്യത്യസ്തമായി കാലത്തിൻ്റെ മാറ്റങ്ങള്‍ക്കനുസരിച്ച് മഞ്ഞയും പച്ചയും നീലയുമൊക്കെയായി സിന്ദൂരം നിറം മാറിയെന്നുള്ളത് മാറ്റൊരു സത്യം. 

വിവാഹം കഴിഞ്ഞ സ്ത്രീകളുടെ സീമന്തരേഖയില്‍ കുങ്കുമം ചാര്‍ത്തുന്നതിനെ പഴമക്കാര്‍ ഗൗരവമേറിയ ഒന്നായാണ് കണ്ടിരുന്നത്. ആദ്യഗര്‍ഭം നടന്ന് നാലാം മാസം സീമന്തനം അഥവാ കുങ്കുമം ചാര്‍ത്ത് എന്നൊരു ചടങ്ങ് തന്നെ ഇന്നും പല സമുദായങ്ങളും നടത്തിപ്പോരുന്നുണ്ട്. മഞ്ഞള്‍ പൊടി, ആലം പൊടി, വെണ്‍കാരം പൊടി, കര്‍പ്പൂരം പൊടി, നെയ്യ്, നാരങ്ങ നീര് എന്നിവ ഉപയോഗിച്ചാണ് പണ്ടു കാലത്ത് തനത് സിന്ദൂരം ഉണ്ടാക്കിയിരുന്നത്. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചുണ്ടാക്കുന്ന ഈ സിന്ദൂരത്തിന് പാർശ്വഫലങ്ങൾ യാതൊന്നുമില്ല എന്നു മാത്രമല്ല ഗുണഫലങ്ങളും ഏറെയായിരുന്നുതാനും. 

കാക്കയും പരുന്തുമുൾപ്പെടെയുള്ള പക്ഷികൾ ഇന്നും ആകാശത്ത് പാറനടക്കുന്നതുകൊണ്ടാകണം ഇന്നത്തെക്കാലത്തും സിന്ദൂരത്തൻ്റെ ഉപയോഗത്തിന് വലിയ കുറവൊന്നും വന്നിട്ടില്ല. മുമ്പ് പറഞ്ഞതുപോലെ നിറം മാറി പച്ചയും നീലയും മഞ്ഞയുമൊക്കെയായെന്നു മാത്രം. എന്നാൽ ഈ ന്യൂജൻ കുങ്കുമങ്ങളെ ഭയക്കണമന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

പുതിയ കുങ്കുമങ്ങൾ തികച്ചും അപകടകാരികളാണെന്ന പഠനങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. നിലവിൽ മനുഷ്യർ ഉപയോഗിക്കുന്ന ഒരു ഗ്രാം സിന്ദൂരത്തില്‍ 1.0 മൈക്രോഗ്രാം ലെഡ് അടങ്ങിയിരിക്കുന്നതായാണ് അമേരിക്കയിലെ റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റി തങ്ങളുടെ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 

കൂടിയ അളവില്‍ ലെഡ് ചര്‍മ്മത്തിലെത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. ത്വക്ക് കാന്‍സര്‍ പിടിപെടുവാൻ ഈ അളവിൽ ലെഡ് ശരീരത്തിൽ എത്തിയാൽ മതിയാകുമെന്നാണ് ഡോക്ടർമാരും മുന്നറിയിപ്പ് നൽകുന്നത്. മാത്രമല്ല ഡിഎന്‍എ, കിഡ്‌നി എന്നിവയുടെ തകരാറിനും ഇതുവഴി സാധ്യതയേറുമെന്നും പഠനം വെളിപ്പെടുത്തുന്നു. കുട്ടികളില്‍ തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും വളര്‍ച്ചയെയും ലെഡ് സാരമായി ബാധിക്കുമെന്നുള്ളതും വസ്തുതയാണ്.