രണ്ടാമൂഴത്തില്‍ മധ്യസ്ഥ ചർച്ച; എം ടി വാസുദേവൻ നായർക്ക് സുപ്രീംകോടതി നോട്ടീസ്

single-img
17 February 2020

രണ്ടാമൂഴം എന്ന സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കേരളാ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തുകൊണ്ട് എം ടി വാസുദേവൻ നായർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. വിഷയത്തിൽ ഒരു മാസത്തിനുള്ളിൽ മറുപടി നൽകണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

സംവിധായകനായ ശ്രീകുമാര്‍ മേനോൻ കേസിൽ മധ്യസ്ഥ ചർച്ച വേണമെന്ന ആവശ്യം തള്ളിയത് ചോദ്യം ചെയ്ത സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. എം ടി എഴുതിയ രണ്ടാംമൂഴം സിനിമയാക്കുന്നതിനായി എംടിയും ശ്രീകുമാറും 2014 ലാണ് കരാര്‍ ഒപ്പുവെച്ചത്. തുടർന്ന് അഞ്ച് വർഷം കഴിഞിട്ടും സിനിമ എടുക്കാത്ത സാഹചര്യത്തിലാണ് തിരക്കഥ തിരിച്ചുചോദിച്ച് എം ടി ആദ്യം കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിക്കുന്നത്.

ഈ സമയം കേസിൽ മധ്യസ്ഥത വേണമെന്നാവശ്യപ്പെട്ട് വി എ ശ്രീകുമാർ അപ്പീൽ കോടതിയായ കോഴിക്കോട് ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചു എങ്കിലും കോടതി ഇത് തള്ളി. ഇതിന് പിന്നാലെ ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയും ഈ ആവശ്യം തള്ളി. എംടിയും വി എ ശ്രീകുമാറുമായുള്ള കരാർ പ്രകാരം മൂന്ന് വർഷത്തിനകം ചിത്രീകരണം തുടങ്ങണമായിരുന്നു.