വാരാണസിയിൽ 63 അടി ഉയരമുള്ള ദീൻദയാൽ ഉപാധ്യായ പ്രതിമ പ്രധാനമന്ത്രി അനാഛാദനം ചെയ്തു

single-img
17 February 2020

ലഖ്നൗ: ആർഎസ്എസ് താത്വികാചാര്യൻ ദീൻദയാൽ ഉപാധ്യായയുടെ പേരിലുള്ള സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 63 അടി ഉയരമുള്ള പ്രതിമയും മോദി അനാഛാദനം ചെയ്തു. ദളിതരുടെയും പിന്നാക്കം നിൽക്കുന്നവരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കാൻ ദീൻദയാൽ ഉപാധ്യായയുടെ വാക്കുകൾ പ്രചോദനമാണെന്ന് മോദി പറഞ്ഞു. ഒഡീഷയില്‍ നിന്നുള്ള 200 കലാകാരന്മാര്‍ ഒരു വര്‍ഷമെടുത്താണ് വെങ്കല പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

തന്റെ ലോക്സഭാ മണ്ഡലത്തിൽ ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയ മോദി 1,254 കോടി രൂപയുടെ 50 പദ്ധതികൾക്കാണു തുടക്കം കുറിച്ചത്. ഇതുൾപ്പെടെ 25,000 കോടിയുടെ വികസന പ്രവർത്തനങ്ങളാണു വാരാണസിയിൽ നടപ്പാക്കുന്നതെന്നു മോദി ചൂണ്ടിക്കാട്ടി. ദേശീയപാത, ജലപാത, റെയിൽവേ തുടങ്ങിയവയ്ക്കാണു സർക്കാർ മുൻഗണന നൽകുന്നത്. ഗംഗാ ശുചീകരണ പദ്ധതിയിൽ 7,000 കോടി ചെലവഴിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിലെ വാരാണസി, മധ്യപ്രദേശിലെ ഓംകാരേശ്വർ, ഉജ്ജയിൻ എന്നീ 3 തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഐആർടിസിയുടെ ‘മഹാ കാൽ എക്സ്പ്രസ്’ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഒറ്റരാത്രികൊണ്ട് സഞ്ചരിച്ചെത്തുന്ന സ്വകാര്യ ട്രെയിനാണിത്. കരകൗശല പ്രദർശനവും സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കർണാടക മുഖ്യമന്ത്രി ബി. എസ്. യെഡിയൂരപ്പ എന്നിവരും വിവിധ ചടങ്ങുകളിൽ പങ്കെടുത്തു.