ഇന്ത്യൻ ‘ബോൾട്ട്’ ട്രയൽസിനില്ല,താല്‍പര്യം കമ്പള തന്നെ: സായ് അധികൃതരോട് നിലപാട് അറിയിച്ച് ശ്രീനിവാസ് ഗൗഡ

single-img
17 February 2020

ബെംഗളൂരു: കായിക ക്ഷമതാ പരിശോധനയ്ക്കില്ലെന്ന് കമ്പള (മരമടി) മല്‍സരത്തില്‍ ഉസൈന്‍ ബോള്‍ട്ടിനെ അതിശയിപ്പിക്കുന്ന വേഗത്തില്‍ ഓടിയെത്തിയതിലൂടെ ശ്രദ്ധ നേടിയ ശ്രീനിവാസ ഗൗഡ. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അധികൃതരെ ഇക്കാര്യം അറിയിക്കും. ആളുകള്‍ തന്നെ ബോള്‍ട്ടുമായാണ് താരതമ്യം ചെയ്യുന്നതെന്നും എന്നാല്‍ ബോള്‍ട്ട് ലോകചാംപ്യനാണെന്നും താന്‍ ചെളിയില്‍ ഓടുന്നവനാണെന്നും ശ്രീനിവാസ പറഞ്ഞു. ബോള്‍ട്ടിന് ചെളിയിലെന്നപോലെ തനിക്ക് ട്രാക്കില്‍ ഓടുന്നത് ബുദ്ധിമുട്ടാകുമെന്നും ഇരുപത്തിയെട്ടുകാരന്‍ വ്യക്തമാക്കി.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ശ്രീനിവാസ് 142 മീറ്റര്‍ കമ്പള ഓട്ടം 13.42 സെക്കന്‍റിൽ പൂര്‍ത്തിയാക്കിയത്. 140 മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കിയ വേഗം കണക്കുകൂട്ടിയാല്‍ നീറുമീറ്റര്‍ ദൂരം 9.55 സെക്കന്‍റില്‍ ശ്രീനിവാസ് പൂര്‍ത്തിയാക്കുമെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച കണക്ക്. ശ്രീനിവാസിന്റെ പ്രകടനം ശ്രദ്ധയിൽപ്പെട്ട കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു സായ് സെലക്ഷന് ശ്രീനിവാസിനെ ക്ഷണിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. തിങ്കളാഴ്ച ബെംഗളൂരുവിലുള്ള സായ് കേന്ദ്രത്തിൽ എത്താനാണ് അറിയിച്ചിരുന്നത്. എന്നാൽ ശ്രീനിവാസ ഇതു വേണ്ടെന്നുവയ്ക്കുകയായിരുന്നു. തിങ്കളാഴ്ച ബെംഗളൂരുവിൽ എത്തി മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയെ കാണുമെന്ന് ശ്രീനിവാസ അറിയിച്ചു.