കൈകഴുകാതെ ഭക്ഷണം എടുത്തു; യുപിയില്‍ ദലിത് യുവാവിന് നേർക്ക് ത്രിശൂലം ഉപയോഗിച്ച് ആക്രമണം

single-img
17 February 2020

കൈകഴുകാതെ ഭക്ഷണത്തില്‍ സ്പര്‍ശിച്ചു എന്ന കാരണത്താല്‍ യുപിയിലെ ബല്ല്യ ജില്ലയില്‍ ദലിത് യുവാവിന് നേര്‍ക്ക് ത്രിശൂലമുപയോഗിച്ച് ക്രൂര മര്‍ദ്ദനം. നാലംഗ സംഘമാണ് യുവാവിനെ ആക്രമിച്ചത്. ബല്ല്യ ജില്ലയിലെ ദോകതി ഗ്രാമത്തില്‍ സമുദായം സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം.

ഈ പരിപാടിക്ക് ഗ്രാമത്തിലെ എല്ലാവരെയും ക്ഷണിച്ചിരുന്നു. ഭക്ഷണം കഴിക്കുന്ന സമയം ജോലിചെയ്തിരുന്ന കല്‍ക്കരി ഷോപ്പില്‍ നിന്ന് എത്തിയ ഉപേന്ദ്ര റാം എന്ന യുവാവ് കൈകഴുകാതെ ഭക്ഷണം സ്വയം എടുത്തു. ഇതാണ് ആക്രമണത്തിന് കാരണമായത്. മര്‍ദ്ദനം ഏറ്റുനിലത്തുവീണ ഉപേന്ദ്ര റാമിനെ ശൂലമെടുത്ത് കുത്തുകയായിരുന്നു.

സാരമായി പരിക്കേറ്റ ഇയാളെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവ് നിലവില്‍ അപകട നില തരണം ചെയ്തിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. പരാതി ലഭിച്ചിട്ടില്ല എന്ന കാരണത്താല്‍ സംഭവത്തില്‍ ഇതുവരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയോ പ്രതികളെ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.