പുതിയ ഭക്ഷണക്രമത്തില്‍ ബീഫ് ഒഴിവാക്കി കേരള പോലീസ്

single-img
17 February 2020

തിരുവനന്തപുരം : കേരള പൊലീസ് അക്കാദമിയിൽ പുതിയ ഭക്ഷണക്രമത്തില്‍ ബീഫ് ഒഴിവാക്കി കേരള പോലീസ്. തൃശൂരിലെ പരിശീലനത്തിനെത്തിയ ട്രെയിനി പോലീസുകാർക്കും പരിശീലകർക്കുമുള്ള ഭക്ഷണ ലിസ്റ്റിൽനിന്നാണ് ബീഫ് ഒഴിവാക്കിയത്.അക്കാദമിക്കു പുറമേ അടൂർ കെഎപി 3, പാലക്കാട് കെഎപി 2, കണ്ണൂർ മങ്ങാട്ടുപറമ്പ് കെഎപി 4, മലപ്പുറം എംഎസ്പി ക്യാംപുകളിലായി 4300 പേരുടെ പരിശീലനം ഇന്നലെ ആരംഭിച്ചു. ഇവർക്കും പരിശീലകർക്കുമുള്ള മെസിലെ ഭക്ഷണക്രമത്തിൽ നിന്നാണു ബീഫ് പുറത്തായത്.

പുഴുങ്ങിയ മുട്ടയും മുട്ടക്കറിയും ചിക്കന്‍ കറിയും തുടങ്ങി കഞ്ഞിയും സാമ്പാറും അവിയലും വരെ ഭക്ഷണക്രമത്തിലുണ്ട്. പക്ഷെ ഒരുനേരം പോലും ബീഫില്ല. ഇത് പോലീസ് ഏര്‍പ്പെടുത്തിയ നിരോധനം അല്ലെന്നും ആരോഗ്യമുള്ള ഭക്ഷണക്രമം തയാറാക്കിയ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും ബറ്റാലിയന്റെ ചുമതലയുള്ളവര്‍ വിശദീകരിച്ചു.സംഭവം വിവാദമായതോടെ, അതതു ക്യാംപുകളിലെ ഭക്ഷണ കമ്മിറ്റിക്കു ബീഫ് ഉൾപ്പെടുത്താൻ തീരുമാനിക്കാമെന്ന് അക്കാദമി അധികൃതർ നിർദേശിച്ചു.

പോലീസ് ക്യാംപുകളിൽ ബീഫ് നിരോധിച്ചിട്ടില്ല. വിവാദമുണ്ടായ സാഹചര്യം പരിശോധിക്കും. സർക്കാർ സർവീസിലുള്ള ഡയറ്റീഷ്യന്മാരാണു ഭക്ഷണക്രമം തയാറാക്കുന്നത്. ഇതു പൂർണമായി പാലിക്കപ്പെടണമെന്നില്ല. ക്യാംപുകളിലെ ഭക്ഷണ കമ്മിറ്റികൾ അന്തിമ തീരുമാനം എടുക്കുന്നതാണു പതിവ് എഡിജിപി (ട്രെയ്നിങ്) ബി.സന്ധ്യ പറഞ്ഞു.

നേരത്തെ, തൃശൂർ പൊലീസ് അക്കാദമിയിൽ ഐജിയായ സുരേഷ് രാജ് പുരോഹിത് ബീഫ് നിരോധിച്ചത് ഏറെ വിവാദമായിരുന്നു. പിന്നീട് സർക്കാർ ഇടപെട്ടാണ് നിരോധനം നീക്കിയത്. അതേസമയംസ ഓരോ ട്രെയിനിയും ഭക്ഷത്തിനായി നൽകേണ്ട തുക വർദ്ധിപ്പിച്ചു. 2000 രൂപയാണ് പരിശീലന കാലയളവിൽ ഒരു ട്രെയിനി നൽകേണ്ടയിരുന്നത്. അത് 6000 രൂപയായണ് വർദ്ധിപ്പിച്ചത്.