തിരുവനന്തപുരത്ത് 21കാരി ബസിടിച്ച് വേദനകൊണ്ട് പുളഞ്ഞ് റോഡിൽ കിടന്നത് മുക്കാൽ മണിക്കൂർ: തിരിഞ്ഞു നോക്കാതെ ജനം

single-img
16 February 2020

കെഎസ്ആര്‍ടിസി ബസിടിച്ച് ഗുരുതരാവസ്ഥയിലായ വിദ്യാര്‍ഥിനി വേദന തിന്ന് റോഡരികില്‍ കിടന്നത് മുക്കാല്‍ മണിക്കൂറോളം. അപകടം കണ്ടിട്ടും ജനങ്ങൾ തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. തലസ്ഥാന നഗരമധ്യത്തിലാണ് ഞെട്ടിക്കുന്ന സംഭവം. 

തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ജേണലിസം വിദ്യാര്‍ഥിയും വെമ്പായം സ്വദേശിയുമായ ഫാത്തിമ(21)ക്കാണ് ഈ ദുരനുഭവം. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിന് അരിസ്‌റ്റോ ജംഗ്ഷനു സമീപത്തുവച്ചായിരുന്നു അപകടം.  സുഹൃത്ത് സിമിക്കൊപ്പം സ്‌കൂട്ടറില്‍ തമ്പാനൂരിലേക്കു പോകുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. ഫാത്തിമയെ ആശുപത്രിയിലെത്തിക്കാന്‍ സിമി മറ്റു വാഹനങ്ങള്‍ തേടിയെങ്കിലും പൊലീസ് എത്തട്ടെ എന്നു പറഞ്ഞ് ജനം വിലക്കുകയായിരുന്നു. 

വേദന കൊണ്ട് പുളയുന്ന പെണ്‍കുട്ടിയെ യഥാസമയം ആശുപത്രിയിലെത്തിക്കാന്‍ ആരും തയാറായില്ല. എല്ലാവരും കാഴ്ചക്കാരായി നിന്നു. അപകട സ്ഥലത്തു നിന്നും വെറും 50 മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നും അരമണിക്കൂര്‍ കഴിഞ്ഞ് പൊലീസ് എത്തിയ ശേഷമാണ് വിദ്യാര്‍ഥിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നാണ് സൂചനകൾ. 

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും പെണ്‍കുട്ടിയുടെ നില കൂടുതല്‍ ഗുരുതരമായി. ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിനിക്ക് ഇതുവരെ ഇടുപ്പെല്ലിലും കാലുകളിലുമായി ആറ് ശസ്ത്രക്രിയകള്‍ നടത്തിയാതായും റിപ്പോർട്ടുകളുണ്ട്.