ജോലിത്തിരക്കിനിടയിൽ ഒട്ടും സമയമില്ല: ഡ്യുട്ടിയ്ക്കിടെ വിവാഹിതരായി യുവ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍

single-img
16 February 2020

ആഡംബര വിവാഹത്തിന് ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ സമയം കണ്ടെത്താനാവാതെ യുവ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ ഓഫീസ് ഡ്യൂട്ടിക്കിടെ വിവാഹിതരായി. എന്നാൽ ജോലിക്കിടെ വിവാഹിതരായ ഇവരുടെ നടപടി വിവാദമായിരിക്കുകയാണ്. ഐഎഎസ് ഉദ്യോ​ഗസ്ഥനായ തുഷാർ സിം​ഗ്ലയും ഐപിഎസ് ഉ​ദ്യോ​ഗസ്ഥയായ നവ്ജ്യോത് സിമിയുമാണ് വിവാഹിതരായത്. 

Support Evartha to Save Independent journalism

പശ്ചിമ ബംഗാളിലെ ഉലുബേരിയയിലെ സബ് ഡിവിഷണല്‍ ഓഫീസിലാണ് തുഷാര്‍ സിംഗ്ല ജോലി ചെയ്യുന്നത്. പട്നയിലെ ഡിഎസ്പി ഓഫീസിലാണ് നവ്ജ്യോത് സിമിക്ക് ജോലി. 2015 പശ്ചിമ ബംഗാള്‍ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് തുഷാര്‍, 2017ലെ ബിഹാര്‍ കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ് സിമി. പഞ്ചാബ് സ്വദേശികളായ ഇരുവരും ഇന്നലെ ഡ്യൂട്ടിക്കിടെ വിവാഹിതരായതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

തുഷാര്‍ സിംഗ്ലയുടെ തിരക്കുകളാണ് ആഡംബരമായി നടക്കേണ്ട വിവാഹം ഇങ്ങനെയാക്കിയത്.  വിവാഹം നീട്ടിവയ്ക്കേണ്ടി വരുന്ന സാഹചര്യം വന്നതോടെയാണ് ഓഫീസ് കതിര്‍മണ്ഡപമായിമാറിയത്. പട്നയില്‍ നിന്ന് ഇന്നലെ രാവിലെ നവ്ജ്യോത് സിമി സിംഗ്ലയുടെ ഓഫീസിലെത്തുകയായിരുന്നു. ചുവന്ന സാരി ധരിച്ച് വധുവും സ്യൂട്ട് ധരിച്ച് വരനും വരന്‍റെ ഓഫീസില്‍ വച്ച്  രജിസ്റ്ററില്‍ ഒപ്പുവച്ചാണ് വിവാഹിതരായത്. 

ഇരുവരും ചേര്‍ന്ന് ക്ഷേത്ര ദര്‍ശനം കൂടി നടത്തിയതോടെ വിവാഹം പൂര്‍ത്തിയായി. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പിന്നീട്  വിരുന്ന് നല്‍കുമെന്ന് ദമ്പതികള്‍ വ്യക്തമാക്കിയിരുന്നു. 

ഓഫീസില്‍ വച്ച് നടന്ന വിവാഹ വിശേഷങ്ങള്‍ പുറത്ത് വന്നതോടെ ആശംസകളും വിമര്‍ശനങ്ങളും ദമ്പതികളെ തേടിയെത്തുകയാണ്. ഡിവിഷണല്‍ ഓഫീസിനെ കതിര്‍മണ്ഡപമാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ ദമ്പതികളെ പിന്തുണച്ച് മന്ത്രി അരുപ് റോയിയെത്തി. ഒപ്പുവയ്ക്കുക മാത്രമാണ് നടന്നത്. മറ്റ് ചടങ്ങുകള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദമ്പതികളുടെ നടപടിയില്‍ തെറ്റില്ലെന്നാണും അരൂപ് റോയി വ്യക്തമാക്കി.