പ്രതിമയെ തൊട്ട് അശുദ്ധമാക്കരുത്: കേന്ദ്രമന്ത്രി ഗിരിരാജ് സിങ് മാലയിട്ട അംബേദ്കര്‍ പ്രതിമയില്‍ ഗംഗാജലമൊഴിച്ച് കഴുകി സിപിഐ- ആര്‍ജെഡി പ്രവര്‍ത്തകര്‍

single-img
16 February 2020

കേന്ദ്രമന്ത്രി ഗിരിരാജ് സിങ് മാലയിട്ട അംബേദ്കര്‍ പ്രതിമയില്‍ ഗംഗാജലമൊഴിച്ച് കഴുകി സിപിഐ- ആര്‍ജെഡി പ്രവര്‍ത്തകര്‍. ബിഹാറിലെ ബെഗുസരായിലാണ് സംഭവം നടന്നത്. ബല്ലിയ ബ്ലോക്കിലുള്ള അംബേദ്കര്‍ പ്രതിമയിലാണ് ഗംഗാജലമൊഴിച്ചത്. പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള റാലിക്ക് മുന്നോടിയായാണ് ഗിരിരാജ് സിംഗ് അംബേദ്കര്‍ പ്രതിമയില്‍ മാലയിട്ടത്.

സിപിഐ നേതാവ് സനോജ് സരോജിന്റേയും ആര്‍ജെഡി നേതാക്കള്‍ വികാസ് പാസ്വാന്റേയും രൂപ് നാരായണ്‍ പാസ്വാന്റേയും നേതൃത്വത്തിലുള്ള സംഘം ഒരു ബക്കറ്റില്‍ ഗംഗാജലം നിറച്ചുകൊണ്ടുവന്ന് പ്രതിമയിലൊഴിക്കുകയായിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നതിനിടയിലാണ് പ്രതിമ ശുദ്ധിയാക്കൽ നടന്നത്.

‘ഗിരിരാജ് സിംഗ്  ഇവിടുത്തെ അന്തരീക്ഷം മലിനമാക്കി. ബല്ലിയ മിനി പാകിസ്ഥാനായി എന്ന് ഗിരിരാജ് സിംഗ് പറഞ്ഞിരുന്നു. കേന്ദ്ര മന്ത്രി മനുവാദം പ്രചരിപ്പിക്കുകയാണ്’ എന്ന് സിപിഐ, ആര്‍ജെഡി നേതാക്കള്‍ പറഞ്ഞു. ജയ് ഭീം ജയ് ഫൂലെ  മുദ്രാവാക്യങ്ങള്‍ വിളിച്ച് ഇവര്‍ പ്രതിമയില്‍ ഗംഗാജലം കോരിയൊഴിച്ചാണ് ശുദ്ധികലശം നടത്തിയത്. 

അംബേദ്കര്‍ എന്തിനെയൊക്കെയാണോ എതിര്‍ത്തത് അതിനെല്ലാം വേണ്ടി നിലകൊള്ളുന്നയാളാണ് ഗിരിരാജ് സിംഗ്. അതുകൊണ്ട് അങ്ങനെയുള്ള ഗിരിരാജ് സിംഗ് അംബേദ്കര്‍ പ്രതിമയില്‍ മാലയിടുന്നത് അംബേദ്കറെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യമാണ് – ഇവര്‍ പറയുന്നു.