റോഡിൽ തുപ്പിയ അഞ്ചുപേരെ പിടികൂടി പിഴയിട്ട് പൊലീസും ബത്തേരി നഗരസഭയും

single-img
16 February 2020

പൊതു ഇടങ്ങളില്‍ തുപ്പുന്നവര്‍ക്കെതിരെ ബത്തേരി നഗരസഭയുടെ സർജിക്കൽ സ്ട്രെെക്ക്. റോഡില്‍ തുപ്പിയ അഞ്ചു പേര്‍ക്കും പരിസരം തുപ്പി വൃത്തികേടാക്കിയതിനു മൂന്ന് മുറുക്കാന്‍ കടകള്‍ക്കുമാണ് കഴിഞ്ഞ ദിവസം  പിഴയിട്ടത്. പൊലീസും നഗരസഭ ആരോഗ്യ വിഭാഗവും ചേര്‍ന്നാണു പരിശോധന നടത്തുന്നത്.

ബസ് സ്റ്റാന്‍ഡ് പരിസരത്ത് തുടര്‍ച്ചയായി 5 തവണ കാര്‍ക്കിച്ചു തുപ്പിയപ്പോഴാണ് ഒരാളെ പൊലീസ് പിടികൂടിയത്. പൊലീസ് ചുമത്തുന്ന കേസില്‍ കുറഞ്ഞത് 2000 രൂപ പിഴ ഒടുക്കേണ്ടി വരും. നഗരസഭയാണ് ചുമത്തുന്നതെങ്കില്‍ 500 രൂപയാണു പിഴ.

നഗരസഭാ പരിധിയില്‍ പൊതുസ്ഥലത്ത് തുപ്പുകയോ മൂത്രമൊഴിക്കുകയോ ചെയ്താല്‍ ഇന്നലെ മുതല്‍ പിഴ ഈടാക്കുമെന്ന് നഗരസഭ മൂന്‍കൂട്ടി അറിയിച്ചിരുന്നു.ബത്തേരി ടൗണില്‍ പഴയ സ്റ്റാന്‍ഡ്, ചുങ്കം, എംജി റോഡ്, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളിലായിരുന്നു ഇന്നലെ പരിശോധന.

നഗരസഭ നല്‍കിയ മുന്നറിയിപ്പ് നോട്ടിസ് വകവക്കാതെ മുറുക്കാന്‍ ചില്ലറയായി വില്‍പന നടത്തുകയും മുറുക്കാന്‍ കടയുടെ മുന്‍വശം തുപ്പി വൃത്തികേടാക്കിയതിനുമാണു കടകള്‍ക്കെതിരെ നടപടി. വരും ദിവസങ്ങളിലും തുടര്‍ച്ചയായി ടൗണില്‍ പരിശോധന നടത്തുമെന്നു നഗരസഭാ അധികൃതര്‍ അറിയിച്ചു.