മുഖ്യാതിഥികളായി ഡൽഹിയിലെ എല്ലാ മേഖലകളിൽ നിന്നും 50 പേർ: കെജ്രിവാളിൻ്റെ നേതൃത്വത്തിൽ ആംആദ്മി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

single-img
16 February 2020

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്രവിജയം സ്വന്തമാക്കിയതിനു പിന്നാലെ അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിൽ ആംആദ്‌മി പാർട്ടി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാംലീല മൈതാനത്ത് രാവിലെ പത്തിനാണ് സത്യപ്രതിജ്ഞ ചടങ്ങ്. കെജരിവാളിനൊപ്പം ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിൽ വിവിധ മേഖലയിലെ പ്രതിനിധികൾ മുഖ്യാതിഥികളായി വേദിയിലുണ്ടാകും. 

കെജരിവാളിനെക്കൂടാതെ മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍, ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര ഗൗതം എന്നിവരാണ് മന്ത്രിമാരായി സത്യവാചകം ചൊല്ലുക. സത്യപ്രതിജ്ഞ നടക്കുന്ന രാം ലീലയിലെ വേദിയില്‍ കെജരിവാളിനൊപ്പം ഡൽഹിയുടെ എല്ലാ മേഖലകളെയും പ്രതിനിധീകരിച്ച് അമ്പത് പേരുണ്ടാവും. അതില്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, നിര്‍മാണ തൊഴിലാളികള്‍, ബസ് ഡ്രൈവര്‍മാര്‍, ഓട്ടോ തൊഴിലാളികള്‍, മെട്രോ ജീവനക്കാര്‍, ഡോക്ടര്‍മാര്‍ എന്നിങ്ങനെ എല്ലാ മേഖലയുടെയും പ്രതിനിധികളുണ്ടാകും. 

ആദ്യഘട്ടത്തിൽ വനിതകളെ ആരെയും മന്ത്രിസഭയിലേക്ക് പരി​ഗണിച്ചിട്ടില്ല. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയോ ഡൽഹിക്ക് പുറത്തുള്ള നേതാക്കളെയോ ക്ഷണിച്ചിട്ടില്ല. ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രാദേശിക നേതാക്കൾ ചടങ്ങിനെത്തിയേക്കും.നിയുക്ത മന്ത്രിമാര്‍ക്ക്  കെജരിവാള്‍ ഇന്നലെ അത്താഴ വിരുന്ന് നല്‍കിയിരുന്നു.