മുളകുപൊടി മോഷ്ടിച്ചുവെന്നു പറഞ്ഞ് വീട്ടമ്മയെ മണിക്കൂറുകളോളം തടഞ്ഞുവച്ചു: സൂപ്പർമാർക്കറ്റ് ജീവനക്കാർ അറസ്റ്റിൽ

single-img
15 February 2020

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഒരു പാക്കറ്റ് മുളകുപോടി മോഷ്ടിച്ചെന്നാരോപിച്ച് വീട്ടമ്മയെ ഏഴു മണിക്കൂര്‍ തടഞ്ഞുവെച്ച സംഭവത്തിൽ അറസ്റ്റ്. കോഴിക്കോട് നാദാപുരത്തെ റുബിയാന്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ സമദ്, കുഞ്ഞബ്ദുള്ള എന്നിവരെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. 

ബുധനാഴ്ചയാണ് വീട്ടമ്മയെ സൂപ്പർമാർക്കറ്റിൽ തടഞ്ഞുവെച്ചത്. ബില്ലില്‍ ഇല്ലാത്ത മുളകുപൊടി പാക്കറ്റ് എടുത്തു എന്നാരോപിച്ചായിരുന്നു പീഡനം. ശാരീരികമായി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും വീട്ടമ്മ പൊലീസിനോടു പറഞ്ഞു. സൂപ്പര്‍മാര്‍ക്കറ്റിലെ പുറകിലെ മുറിയില്‍ വെച്ചാണ് രണ്ട് ജീവനക്കാര്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയത്.  

പലതവണയായി ബില്ലില്‍ ഇല്ലാത്ത സാധനങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് എഴുതി നല്‍കാന്‍ വീട്ടമ്മയോട് ഇവര്‍ ആവശ്യപ്പെട്ടുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കൂടാതെ വീട്ടമ്മയുടെ ഫോട്ടോ എടുക്കുകയും ഒച്ചവെച്ച് ബഹളമുണ്ടാക്കിയാല്‍ കള്ളിയെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നുള്ള ഭീഷണിയും ഇവർ മുഴക്കി. വിലൈ മാര്‍ക്കറ്റില്‍ സാധനം വാങ്ങിക്കാനായി എത്തിയ ഇവരെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് പുറത്തുവിട്ടത്.