എറണാകുളം ലോ കോളേജിലെ എസ്എഫ്ഐ- കെഎസ് യു സംഘർഷം: പരസ്പരം ആരോപണങ്ങളുമായി ഇരുവിഭാഗവും

single-img
15 February 2020

എറണാകുളം ലോ കോളേജിൽ കഴിഞ്ഞ ദിവസം നടന്ന എസ്എഫ്ഐ- കെഎസ് യു സംഘർഷത്തിൽ നിരവധിപേർക്ക് പരിക്ക്. പരുക്കേറ്റ 12 പേരെ എറണാകുളം ജില്ലാശുപത്രിയിലും കടവന്ത്ര സഹകരണ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. വാലന്റൈൻസ് ദിനത്തിൽ സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ടാണ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. 

കോളേജ് യൂണിയനാണ് ഇന്ന് വാലന്‍റൈൻസ് ഡേയോട് അനുബന്ധിച്ച് ക്യാമ്പസിൽ കലാപരിപാടികൾ നടത്താൻ തീരുമാനിച്ചത്. എസ്എഫ്ഐയാണ് ലോ കോളേജ് യൂണിയൻ ഭരിക്കുന്നത്. വൈകിട്ട് ക്യാമ്പസിനകത്ത് തന്നെയായിരുന്നു പരിപാടി. ഇത് തുടങ്ങുന്നതിന് അടുത്ത് തന്നെ കെഎസ്‍യു പ്രവർത്തകർ എത്തി സമാന്തരമായ വാലന്‍റൈൻസ് ഡേ പരിപാടി നടത്താൻ തീരുമാനിക്കുകയായിരുന്നു.

ഒരേ തരത്തിലുള്ള രണ്ട് പരിപാടികൾ അതും ഒരേ സ്ഥലത്ത് നടത്തുന്നതിനെച്ചൊല്ലി ആദ്യം വിദ്യാർത്ഥികൾ തമ്മിൽ വാക്കുതർക്കമായി. പിന്നീടത് കയ്യാങ്കളിയിലും പിന്നീട് സംഘർഷത്തിലും കലാശിക്കുകയായിരുന്നു

നിരവധി വിദ്യാർത്ഥികൾക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. മണിക്കൂറുകളോളം ക്രിക്കറ്റ് ബാറ്റുകളും വടികളും കല്ലുമായി ഏറ്റുമുട്ടുന്ന വിദ്യാർത്ഥികളുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതേസമയം, കെ.എസ്‌.യു പുറത്തുനിന്ന് ആളെ ഇറക്കി തങ്ങളുടെ പ്രവർത്തകരെ മര്‍ദിക്കുകയായിരുന്നുവെന്ന് ആരോപിച്ച് എസ്എഫ്‌ഐ രംഗത്തെത്തിയിരുന്നു. 

അതേസമയം യാതൊരു പ്രകോപനവുമില്ലാതെ എസ്എഫ് ആക്രമിക്കുകയാണെന്നാണ് കെഎസ് യു ആരോപിക്കുന്നത്. ഇരുവിഭാഗങ്ങളുടെയും പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. സംഘർഷത്തെ തുടർന്ന് കോളജ് ഈ മാസം 24 വരെ അടച്ചിട്ടതായി പ്രിൻസിപ്പൽ അറിയിച്ചു.