ഡോൾഫിനുകളെ കൊല്ലുന്നവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 14 ലക്ഷം രൂപ പാരിതോഷികം

single-img
15 February 2020

മെക്സിക്കോ: ഡോൾഫിനുകളെ കൊല്ലുന്നവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 14 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്കയിലെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (എൻഒഎഎ) രം​ഗത്ത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ട് ഡോൾഫിനുകളെയാണ് മെക്സിക്കൻ കടൽത്തീരത്ത് വെടിയേറ്റ് ചത്തനിലയിൽ കണ്ടെത്തിയത്. തോക്കോ മറ്റ് മാരകായുധങ്ങളോ ഉപയോ​ഗിച്ചാണ് ഡോൾ‌ഫിനുകൾക്ക് നേരെ ആക്രമണം നടത്തിയിരിക്കുന്നതെന്ന് ​ജീവശാസ്ത്ര ഗവേഷകർ പറയുന്നു. എന്നാൽ, ആരാണ് ഇത്തരത്തിലുള്ളൊരു ക്രൂരതയ്ക്ക് പിന്നില്ലെന്ന് വ്യക്തമല്ല. ഡോൾഫിനുകളെ വേട്ടയാടുന്നവരെ പിടിക്കുന്നതിനായാണ് എൻഒഎഎ പാരിതോഷികവുമായി രം​ഗത്തെത്തിയിരിക്കുന്നത്.

ജനങ്ങൾക്ക് മാത്രമെ ഈ ക്രൂരതയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ സഹായിക്കാനാകുകയുള്ളൂവെന്ന് എൻഒഎഎ അസിസ്റ്റന്റ് ഡയറക്ടർ പറഞ്ഞു. നാപ്പിൾസ് തീരത്താണ് ചത്തടിഞ്ഞ നിലയിൽ കഴിഞ്ഞ ദിവസം ഡോൾഫിനിനെ ഫ്ളോറിഡാ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ കണ്ടെത്തിയത്. മുഖത്ത് വെടിയേറ്റതോ മറ്റ് മാരകായുധങ്ങളോ ഉപയോ​ഗിച്ച് ആക്രമണം നടത്തിയ നിലയിലായിരുന്നു മൃതദേഹം. ഇത് കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുശേഷം ശരീരത്തിന്റെ ഇടതുഭാഗത്ത് വെടിയുണ്ടയേറ്റതായി മറ്റൊരു ഡോൾഫിനെ ജീവൻ നഷ്ടപ്പെട്ട നിലയിൽ പെൻസകോള തീരത്തു നിന്നും ലഭിച്ചിരുന്നു.

കുറച്ചുവർഷങ്ങളായി ഇത്തരത്തിൽ ഇവിടെ ചത്തു തീരത്തടിയുന്നത് നിരവധി ഡോൾഫിനുകളാണ്. കഴിഞ്ഞ വർഷം സമാനമായ സാഹചര്യത്തിൽ ഇത്തരത്തിൽ‌ വെടിയേറ്റ നിലയിൽ‌ ഡോൾഫിനുകളെ കണ്ടെത്തിയിരുന്നു. ഇതുകൂടാതെ അമേരിക്കയുടെ തെക്കുകിഴക്കൻ പ്രദേശത്തുനിന്നും അസാധാരണ മുറിവുകളുമായി 2002നുശേഷം ഇതുവരെ 29 ഡോൾഫിനുകളെ കണ്ടെത്തിയതായിും അധികൃതർ വ്യക്തമാക്കുന്നു.