ഷഹീന്‍ ബാഗിലും കൊല്‍ക്കത്തയിലും പ്രതിഷേധിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത ബുര്‍ഖ ധരിച്ച സ്ത്രീകള്‍: ബിജെപി നേതാവ് ദിലീപ് ഘോഷ്

single-img
15 February 2020

പൌരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗിലും കൊല്‍ക്കത്ത പാര്‍ക്ക് സര്‍ക്കസിലും പ്രതിഷേധിക്കുന്നവര്‍ വിദേശ ഫണ്ട് കൊണ്ട് വാങ്ങിയ ബിരിയാണി കഴിച്ച് വിദ്യാഭ്യാസമില്ലാത്ത ബുര്‍ഖ ധരിച്ച സ്ത്രീകളാണ് എന്ന് ബിജെപി ബംഗാള്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. തീരെ ദരിദ്രരായ ബോധമില്ലാത്ത ആളുകളെയാണ് വഴിയില്‍ ഇരുത്തിയിരിക്കുന്നത്. ഇങ്ങിനെ ഇരിക്കുന്നതിന് പ്രതിഫലമായി എന്നും അവര്‍ക്ക് പണം ലഭിക്കുന്നുണ്ട്. സമൂഹത്തിലെ ജനങ്ങള്‍ അവരോടൊപ്പമാണെന്ന് കാണിക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്നും ദിലീപ് ഘോഷ് പറഞ്ഞു.

ഡല്‍ഹിയിലെയും കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസിലെയും കാഴ്ചകള്‍ ഒരുപോലെയാണ്. നേതാക്കളായ ബൃന്ദ കാരാട്ടിനെയും പി ചിദംബരത്തെയും പോലുള്ളവര്‍ ഡല്‍ഹിയിലും കൊല്‍ക്കത്തയിലും പോകുമ്പോള്‍ ഈ കൂട്ടത്തില്‍ പങ്കെടുക്കുന്നു. ചെറിയ കുട്ടികളുമായി വിദ്യാഭ്യാസം ഇല്ലാത്ത സ്ത്രീകള്‍ അവിടെ ഇരിക്കുന്നുണ്ട്. അങ്ങിനെയുള്ളവര്‍ മാത്രമാണ് ആകെയുള്ള കാഴ്ചക്കാരെന്നും ദിലീപ് പറഞ്ഞു. ഇതിന് മുന്‍പും പൗരത്വ നിയമ ഭേദഗതിക്കെതിരെ കടുത്ത വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള നേതാവാണ് ദിലീപ് ഘോഷ്.