അബോധാവസ്ഥയിലുള്ള കുട്ടികളെ മന്ത്രവാദ കര്‍മ്മങ്ങള്‍ക്ക് വിധേയരാക്കി; രണ്ടുപേര്‍ മരിച്ചു

single-img
15 February 2020

അബോധാവസ്ഥയിലായിരുന്ന കുട്ടികളെ മന്ത്രവാദ കര്‍മ്മങ്ങള്‍ക്ക് വിധേയരാക്കിയതിനെ തുടർന്ന് രണ്ട് കുട്ടികൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകായും ചെയ്തു. പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയിലെ കടമ്തലിയിലാണ് സംഭവം. അഞ്ച്, ഏഴ് വയസ് പ്രായമുള്ള ആണ്‍കുട്ടികളാണ് മന്ത്രവാദത്തിനിടെ മരിച്ചത്. അതേപോലെ മൂന്നും ആറും വയസ്സുള്ള സഹോദരിമാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മാല്‍ഡ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ ഇവർ തങ്ങളുടെ വീടിന് സമീപമുള്ള കാട്ടില്‍ നിന്നും മടങ്ങി വരുന്ന വഴി തലകറങ്ങി വീണിരുന്നു. ബോധം നഷ്ടമായതിനാലാണ് ഇവരെ ഇവരെ മന്ത്രവാദ കര്‍മ്മങ്ങള്‍ക്ക് വിധേയരാക്കിയതെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ പറഞ്ഞു. കുട്ടികൾ കാട്ടില്‍ നിന്നും കിട്ടിയ ഏതെങ്കിലും വിഷക്കായ കഴിച്ചതു കൊണ്ടാവാം അബോധാവസ്ഥയിലായതെന്നാണ് പോലീസ് കരുതുന്നത്.

വിഷയത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്നും മരണകാരണം പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമെ വെളിപ്പെടുത്താനാകൂ എന്നും ജില്ലാ പൊലീസ് സൂപ്രണ്ട് അലോക് രജോരിയ പറഞ്ഞു. വിവരം അറിഞ്ഞതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പ്രാദേശിക എംഎല്‍എ ദിപാലി ബിശ്വാസ് ചികിത്സയില്‍ തുടരുന്ന കുട്ടികളെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.