എൻപിആറിൽ കേന്ദ്രം അയയുന്നു ; സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചർച്ചയ്ക്ക് തയ്യാർ

single-img
15 February 2020

ഡൽഹി: എൻപിആറിൽ വിവി​ധ സംസ്ഥാനങ്ങളുടെ എതിർപ്പ് തു‍ടരുന്നതിനാൽ കേന്ദ്രം അയയുന്നു. ദേശീയ പൗരത്വ റജിസ്റ്ററുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളുമായി അനുനയചർച്ചയ്ക്കാണ് കേന്ദ്രസർക്കാർ നീക്കം. എതിർപ്പ് ഉന്നയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്താൻ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ തീരുമാനം. പൗരത്വനിയമഭേദഗതി നടപ്പാക്കുന്നതിലെ ആശങ്ക ദൂരീകരിച്ച് അവരെ ഒപ്പം നിർത്തുക എന്നതാണ് കേന്ദ്രനീക്കത്തിന്‍റെ ലക്ഷ്യം.റജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും .


എൻപിആർ നടപ്പാക്കില്ലെന്ന് നിയമസഭയിൽ പ്രമേയം പാസ്സാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. സർക്കാരിന്‍റെ ‘അനുനയ’ നീക്കത്തിന്‍റെ ഭാഗമായി, കേന്ദ്ര സെൻസസ് കമ്മീഷണറായ വിവേക് ജോഷി, വെള്ളിയാഴ്ച പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ കണ്ട് ചർച്ച നടത്തിയിരുന്നു. പൗരത്വ നിയമഭേദഗതിയും,പൗരത്വ റജിസ്റ്ററുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച് സംയുക്ത പ്രമേയം പ്രതിപക്ഷത്തിന്‍റെ പിന്തുണയോടെ ഏകകണ്ഠമായി പാസ്സാക്കിയെടുത്ത ആദ്യ സംസ്ഥാനം കേരളമാണ്. സമാനമായ രീതിയിൽ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെ എൻപിആ‌റിനോട് എതിർപ്പറിയിച്ച എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെയും വിവേക് ജോഷി നേരിട്ട് കാണും.

കേരളത്തിനു പിന്നാലെ പശ്ചിമബംഗാൾ, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, പഞ്ചാബ്, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി എന്നിവയും സമാനമായ പ്രമേയം പാസ്സാക്കിയിരുന്നു. 2010-ലെ എൻപിആറിൽ നിന്ന് ഇത്തവണത്തെ എൻപിആറിൽ പൗരത്വ നിയമഭേദഗതി നടപ്പാക്കാൻ സഹായകമായ ചോദ്യങ്ങളുള്ളതാണ് മിക്ക സംസ്ഥാനങ്ങളെയും ചൊടിപ്പിക്കുന്നത്.