എന്താ സുപ്രീംകോടതി അടച്ചുപൂട്ടണോ? കോടതി ഉത്തരവൊക്കെ സ്ററേ ചെയ്യുവാനുള്ള അധികാരം കേന്ദ്രസർക്കാരിനുണ്ടോ? : കേന്ദ്രസർക്കാരിനെതിരെ സുപ്രീംകോടതി

single-img
14 February 2020

കേന്ദ്ര സർക്കാറിന് നൽകാനുള്ള പിഴത്തുക അടക്കാത്തതിൽ വോഡാഫോൺ-ഐഡിയ, ഭാരതി എയർടെൽ അടക്കമുള്ള ടെലികോം കമ്പനികൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കോടതിയിൽ അടുത്ത വാദം കേൾക്കുന്നതിന് മുമ്പ് പിഴത്തുക അടച്ചു തീർക്കണമെന്നും ഇക്കാര്യത്തിൽ വീഴ്ച വരുത്തിയ ടെലികോം കമ്പനി മേധാവികളോട് വിശദീകരണം നൽകാനും ജസ്റ്റിസ് അരുൺ മിശ്ര ഉത്തരവിട്ടു. 

ലഭിക്കാനുള്ള പിഴത്തുക പിരിച്ചെടുക്കാത്തത് ഉദ്യോഗസ്ഥ വീഴ്ചയാണെന്നും ഇക്കാര്യം സംബന്ധിച്ച് എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി ചോദ്യമുന്നയിച്ചു. ഈ നാട്ടിൽ ഒരു നിയമവും നിലനിൽക്കുന്നില്ലേ എന്നും കോടതി ചോദിച്ചു. എന്ത് അസംബന്ധമാണ് ഇവിടെ നടക്കുന്നതെന്നും സുപ്രീംകോടതി അടച്ചു പൂട്ടണമോ എന്നും ജസ്റ്റിസ് അരുൺ മിശ്ര ചോദ്യമുന്നയിച്ചു. 

ഇവിടെ നടക്കുന്നത് പണാധിപത്യമല്ലാതെ മറ്റെന്താണെന്നും കോടതി കേന്ദ്രത്തോട് ആരാഞ്ഞു. ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തേണ്ടിവരും. കുറ്റക്കാർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരും. ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി.

കോടതി ഉത്തരവ് സ്റ്റേ ചെയ്യാനുള്ള അധികാരം കേന്ദ്രത്തിൻ്റെ ഉദ്യോഗസ്ഥനുണ്ടോ എന്നും കോടതി ചോദിച്ചു. ഭാരതി എയർടെൽ, വോഡാഫോൺ-ഐഡിയ എന്നിവരെ കൂടാതെ അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസ്, ടാറ്റാ ടെലിസർവീസസ് എന്നിവറം പിഴത്തുകയിൽ ഇളവ് നൽകണമെന്ന് അപേക്ഷിച്ചുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചത്.