ശിവസേന – എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തില്‍ ഭിന്നത; ഉദ്ധവ് ഠാക്കറെയുടെ തീരുമാനത്തിനെതിരെ ശരദ് പവാര്‍

single-img
14 February 2020

മഹാരാഷ്ട്രയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രൂപംകൊണ്ട ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തില്‍ അഭിപ്രായ ഭിന്നത. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനയുടെ നേതാവുമായ ഉദ്ധവ് ഠാക്കറെ ഭീമ കൊറേഗാവ് കേസ് എന്‍ഐഎക്ക് അന്വേഷിക്കാന്‍ അനുമതി നല്‍കിയ തീരുമാനത്തിനെതിരെ എന്‍സിപി നേതാവ് ശരദ് പവാര്‍ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ തീരുമാനം അനീതിയാണെന്ന് ശരദ് പവാര്‍ കോലാപുരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ വർഷം നവംബര്‍ 28ന് സഖ്യസര്‍ക്കാര്‍ (മഹാരാഷ്ട്ര വികാസ് അഘാഡി)അധികാരത്തിലേറിയതിന് ശേഷം ആദ്യമായാണ് ശരദ് പവാര്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തുന്നത്. ഭീമ കൊറേഗാവ് കേസ് 2018ലാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത് എങ്കിലും കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്.

മഹാരാഷ്ട്രയിൽ നിന്നുള്ള ആക്ടിവിസ്റ്റുകളടക്കമുള്ള ചിലര്‍ പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ഭീമ കൊറേഗാവ് കേസ്. ഈ കേസിൽ ഇടത്, ദലിത് ആക്ടിവിസ്റ്റുകളായ സുധീർ ധവാലെ, റോണ വിൽസൺ , സുരേന്ദ്ര ഗാഡ്‌ലിംഗ്, മഹേഷ് റൗട്ട് , ഷോമ സെൻ , അരുൺ ഫെരേര, വെർനൻ ഗോൺസാൽവസ്, സുധാ ഭരദ്വാജ്, വരവര റാവു തുടങ്ങിയവരായിരുന്നു ‌അറസ്റ്റിലായത്.

മഹാരാഷ്ട്രയിൽ എന്‍സിപി ഭരിക്കുന്ന ആഭ്യന്തര മന്ത്രാലയമാണ് എന്‍ഐഎ അന്വേഷണത്തിന് അനുമതി നല്‍കിയത്. മുഖ്യമന്ത്രി ഉദ്ധവ് ഠാക്കറെ തനിക്കുള്ള പ്രത്യേക അധികാരമുപയോഗിച്ച് ആഭ്യന്തര വകുപ്പിനെ മറികടന്നാണ് തീരുമാനമെടുത്തതെന്നാണ് എന്‍സിപി പറയുന്നത്. മഹാരാഷ്ട്രയിൽ നിന്ന് തന്നെയുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറണമെന്നാണ് എന്‍സിപിയുടെ ആവശ്യം.