സിഎഎയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ നാടകം; രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തവര്‍ക്ക് ജാമ്യം

single-img
14 February 2020

ബംഗളുരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാര്‍ത്ഥികള്‍ നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തവര്‍ക്ക് ജാമ്യം ലഭിച്ചു.
കര്‍ണാടകയിലെ ബിദറിലെ ഷഹീന്‍ സ്‌കൂളിലെ പ്രധാനാധ്യാപിക ഫദീദ ബീഗം, നാടകം അവതരിപ്പിച്ച വിദ്യാര്‍ത്ഥിയുടെ രക്ഷിതാവായ നസ്ബുന്നീസ എന്നിവര്‍ക്കാണ് 14 ദിവസത്തിന് ശേഷം ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപവീതം ബോണ്ടിലാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. അന്വേഷണവുമായി സഹകരിക്കാനും ആവശ്യമുള്ളപ്പോൾ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകാനും കോടതി നിർദ്ദേശിച്ചു. പ്രിൻസിപ്പൽ ജില്ലാ, സെഷൻസ് ജഡ്ജി എം.പി. മല്ലികാർജ്ജുനയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനുവരി 21നാണ് ബിദറിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ നാടകം അവതരിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ട നിലേഷ് രക്ഷ്യാല്‍ എന്നയാള്‍ പോലീസില്‍ പരാതി നല്‍കുകയും അധ്യാപികയ്ക്കും കുട്ടിയുടെ അമ്മയ്ക്കും എതിരെ രാജ്യദ്രോഹക്കേസ് ചുമത്തുകയുമായിരുന്നു. തുടര്‍ന്ന് നാടകം കളിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചു എന്നാരോപിച്ച് സ്‌കൂള്‍ അടച്ചുപൂട്ടിക്കുകയും ചെയ്തിരുന്നു.